ന്യൂഡൽഹി: കാനഡയിൽ ഖാലിസ്താൻ തീവ്രവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം ഇന്ത്യയുടെ അറിവോടെയാണെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പരാമർശത്തെച്ചൊല്ലി ഇന്ത്യ- കാനഡ ബന്ധം കൂടുതൽ വഷളാകുന്നു. കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് താൽക്കാലികമായി നിർത്തുകയാണെന്ന് ഇന്ത്യ വ്യാഴാഴ്ച അറിയിച്ചു.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കാനഡ അനാവശ്യമായി ഇടപെടുകയാണെന്ന ആരോപണം ഉന്നയിച്ച വിദേശകാര്യ മന്ത്രാലയം കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിക്കുറക്കണമെന്ന ആവശ്യവും ഉന്നയിച്ചു.
കാനഡയിലെ ഇന്ത്യൻ ഹൈകമീഷനും കോൺസുലേറ്റുകളും സുരക്ഷ ഭീഷണി നേരിടുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കാനഡയിൽനിന്നുള്ള വിസ അപേക്ഷ നടപടിക്രമങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ ആവശ്യപ്പെട്ടതെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. മറ്റു രാജ്യങ്ങളിലെ കനേഡിയൻ പൗരന്മാർക്കും വിസ അനുവദിക്കില്ല. എന്നാൽ, നിലവിൽ വിസ ലഭിച്ചവർക്കും ഒ.സി.ഐ കാർഡ് ഉള്ളവർക്കും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് പ്രശ്നമില്ല. ആക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ കാനഡയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്ക് പ്രവർത്തിക്കാനാകാത്ത സാഹചര്യമാണ്. അതിനാലാണ് വിസ നടപടിക്രമങ്ങൾ നിർത്താൻ ആവശ്യപ്പെട്ടത്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നും അരിന്ദം ബാഗ്ചി വിശദീകരിച്ചു. സ്വകാര്യ ഏജൻസിയായ ബി.എൽ.എസ് ഇന്റർനാഷനലും കനേഡിയൻ വിസ നടപടിക്രമങ്ങൾ നിർത്തുകയാണെന്ന് വെബ്സൈറ്റിലൂടെ അറിയിച്ചിരുന്നു.
ഇന്ത്യയിലെ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കാനഡയിലെ ഇന്ത്യൻ ഉദ്യോഗസ്ഥരുടേതിന് ആനുപാതികമല്ലെന്ന വാദവും വിദേശകാര്യ മന്ത്രാലയം ഉയർത്തിയിട്ടുണ്ട്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യ ഇടപെടലുകളിലേക്ക് ഇത് നയിക്കുന്നു. എണ്ണം വെട്ടിക്കുറക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണെന്നും ബാഗ്ചി പറഞ്ഞു.
കാനഡയിൽ ജൂണിൽ നടന്ന ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ജസ്റ്റിൻ ട്രൂഡോ തിങ്കളാഴ്ചയാണ് ആരോപണം ഉന്നയിച്ചത്. പരാമർശത്തെ ശക്തമായി അപലപിച്ച ഇന്ത്യ ആരോപണം തള്ളിയിരുന്നു. ഇരുരാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പരസ്പരം പുറത്താക്കുകയും ചെയ്തു. കാനഡയിലെ ഇന്ത്യക്കാർക്ക് ജാഗ്രത മുന്നറിയിപ്പും നൽകിയിരുന്നു.
സത്യം കണ്ടെത്താൻ ഇന്ത്യ സഹകരിക്കണം -ട്രൂഡോ
ന്യൂയോർക്: ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ആരോപണം ആവർത്തിച്ച് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. വിശ്വസനീയമായ വിവരങ്ങൾ മുൻനിർത്തിയാണ് ആരോപണം ഉന്നയിച്ചതെന്നും സത്യം കണ്ടെത്താൻ ഇന്ത്യ കാനഡയുമായി സഹകരിക്കണമെന്നും വ്യാഴാഴ്ച രാത്രി അദ്ദേഹം പ്രതികരിച്ചു. സുതാര്യവും സത്യസന്ധവുമായ അന്വേഷണത്തിലൂടെ നീതി പുലരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ക്രമസമാധാന പ്രശ്നം ഉള്ളതിനാൽ ഇന്ത്യക്കാർ കാനഡയിലേക്ക് യാത്രചെയ്യുമ്പോൾ ജാഗ്രത പുലർത്തണമെന്ന ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി തള്ളി. കാനഡ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നാണെന്നും ക്രമസമാധാന പ്രശ്നങ്ങളൊന്നും നിലവിലില്ലെന്നും മന്ത്രി മാർക് മില്ലർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.