ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ അതിർത്തി സംഘർഷമടക്കം പ്രശ്നങ്ങൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയുടെയും ചൈനയുടെയും ഉന്നതതല സൈനിക ഉദ്യോഗസ്ഥർ ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലെ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കാൻ നേതാക്കൾ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നടന്ന ചർച്ച നിർമാണാത്മകമായിരുന്നുവെന്ന് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ഡിസംബർ 20ന് ചുഷുൽ - മോൾഡോ അതിർത്തി മീറ്റിങ് പോയന്റിലെ ചൈനീസ് ഭാഗത്താണ് 17ാം റൗണ്ട് ഇന്തോ- ചൈന കോർപ്സ് കമാൻഡർതല യോഗം നടന്നതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാച്ചി പറഞ്ഞു.
അതിർത്തിയിലെ പടിഞ്ഞാറൻ മേഖലയിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരുവിഭാഗവും നിർദേശങ്ങൾ മുന്നോട്ടുവെച്ചതായും തുറന്നതും നിർമാണാത്മകവുമായിരുന്നു ചർച്ചയെന്നും അദ്ദേഹം പറഞ്ഞു. അതിർത്തിയിലെ പടിഞ്ഞാറൻ മേഖലയിൽ സുരക്ഷയും സുസ്ഥിരതയും നിലനിർത്താനും സൈനിക- നയതന്ത്ര മാർഗങ്ങളിൽ തുടർച്ചയായി ചർച്ച നടത്തി എത്രയും വേഗം രമ്യമായ രീതിയിൽ പ്രശ്നം പരിഹരിക്കാൻ തീരുമാനിച്ചതായും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. അതിർത്തിയിൽ ഏതാനും ദിവസംമുമ്പ് ഇന്ത്യ-ചൈന സൈനികർ ഏറ്റുമുട്ടിയത് സംഘർഷം രൂക്ഷമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.