ന്യൂഡൽഹി: മ്യാൻമറിലെ സൈനിക അട്ടിമറിയിൽ ഇന്ത്യ കടുത്ത ആശങ്ക അറിയിച്ചു. സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും നിയമവാഴ്ചയും ജനാധിപത്യ പ്രക്രിയയും ഉയർത്തിപ്പിടിക്കണമെന്നും വിദേശകാര്യ മന്ത്രാലയം വാർത്താകുറിപ്പിൽ പറഞ്ഞു.
''മ്യാൻമറിലെ സംഭവവികാസങ്ങളിൽ കടുത്ത ആശങ്കയുണ്ട്. ജനാധിപത്യത്തിലേക്കുള്ള മ്യാൻമറിന്‍റെ പരിവർത്തനത്തെ പിന്തുണക്കുന്നതിൽ ഇന്ത്യ എല്ലായ്പ്പോഴും ഉറച്ചുനിൽക്കുന്നു. നിയമവാഴ്ചയും ജനാധിപത്യ പ്രക്രിയയും ഉയർത്തിപ്പിടിക്കണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്'' -മന്ത്രാലയം അറിയിച്ചു.
തടവിലാക്കപ്പെട്ട നേതാക്കളെ മോചിപ്പിക്കാനും ജനാധിപത്യം പുന:സ്ഥാപിക്കാനും അമേരിക്കയും ഓസ്‌ട്രേലിയയും ആഹ്വാനം ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച പുലർച്ചെയാണ് സൈന്യം അട്ടിമറി നടത്തി മ്യാൻമറിന്‍റെ ഭരണം പിടിച്ചെടുത്തത്. തുടർന്ന് ഒരുവർഷത്തേക്ക് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. സമാധാനത്തിനുള്ള നൊബേൽ ജേതാവും മ്യാൻമർ ദേശീയ നേതാവുമായ ഓങ് സാൻ സൂചി, പ്രസിഡന്‍റ് യുവിൻ മിന്‍റ്, മന്ത്രിമാർ അടക്കമുള്ളവരെ തിങ്കളാഴ്ച പുലർച്ചെ തന്നെ ൈസന്യം തടങ്കലിലാക്കിയിരുന്നു.
രാജ്യത്ത് ഔദ്യോഗിക ടിവി, റേഡിയോ സംപ്രേഷണങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. തലസ്ഥാന നഗരമായ യാംഗോണില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ സൈന്യം മൊബൈല്‍ സേവനവും നിർത്തിവെച്ചിട്ടുണ്ട്. പ്രവിശ്യ മുഖ്യമന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും തടങ്കലിലാണെന്ന് സൂചിയുടെ പാർട്ടിയായ നാഷനൽ ലീഗ് ഫോർ ഡെമോക്രസി (എൻ.എൽ.ഡി) വക്താവ് സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.