ഇന്ത്യ മതേതര രാജ്യം; ആവർത്തിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ അടിസ്ഥാനമാണെന്നും ഇക്കാര്യം മുമ്പ് പുറപ്പെടുവിച്ച പല വിധിപ്രസ്താവങ്ങളിലും ഊന്നിപ്പറഞ്ഞിട്ടുണ്ടെന്നും സുപ്രീംകോടതി. മതേതരത്വവും സോഷ്യലിസവും ഒഴിവാക്കി ഭരണഘടന ആമുഖം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടേതടക്കം ഒരുകൂട്ടം ഹരജി പരിഗണിക്കവെ ജസ്‌റ്റിസുമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ത്യ മതേതര രാജ്യമാണെന്ന നിലപാട് ആവർത്തിച്ചത്.

‘‘മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ഭാഗമാണെന്ന് ഞങ്ങൾ പറഞ്ഞിട്ടുള്ള നിരവധി വിധിന്യായങ്ങൾ ഉണ്ട്. വാസ്തവത്തിൽ, ഭരണഘടനയുടെ അടിസ്ഥാന ഘടന എന്ന നിലയിൽ അതിന് ഭേദഗതി ചെയ്യാനാവാത്ത ഭാഗം എന്ന പദവി നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി വിധിന്യായങ്ങളുണ്ട്. നിങ്ങൾക്ക് വേണമെങ്കിൽ അത് പരിശോധിക്കാം’’ -വാദത്തിനിടെ ജസ്റ്റിസ് ഖന്ന പറഞ്ഞു. വാദത്തിനിടെ, ഇന്ത്യ മതേതരമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ എന്ന് ജസ്‌റ്റിസ് ഖന്ന ഹരജിക്കാരോട് ചോദിച്ചു.

സോഷ്യലിസം അർഥമാക്കുന്നത് സമത്വവും രാജ്യത്തിന്‍റെ സമ്പത്തും തുല്യമായി വിതരണം ചെയ്യണമെന്നാണ്. പാശ്ചാത്യ രാജ്യങ്ങള്‍ സോഷ്യലിസത്തിന് നല്‍കുന്ന അർഥം നമ്മള്‍ എടുക്കേണ്ടതില്ലെന്നും 1949 നവംബർ 26ന് നടത്തിയ പ്രഖ്യാപനമായിരുന്നു ഭരണഘടനയുടെ ആമുഖമെന്നും തുടർന്നുള്ള ഒരു ഭേദഗതിയിലൂടെ അതിൽ കൂടുതൽ വാക്കുകൾ ചേർക്കുന്നത് ഏകപക്ഷീയമാണെന്നും സുബ്രഹ്മണ്യ സ്വാമി ചൂണ്ടിക്കാട്ടി. ഭേദഗതിയിൽ ചേർത്ത വാക്കുകൾ ബ്രാക്കറ്റുകളാൽ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് ജസ്റ്റിസ് ഖന്ന ഈ വാദത്തിന് മറുപടി നൽകി. 

Tags:    
News Summary - India is a secular country Supremcourt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.