ന്യൂഡൽഹി: ലോകത്താകെ സംഭവിച്ച കോവിഡ് മരണങ്ങളുടെ യഥാർഥ കണക്ക് പുറത്തുവിടാനുള്ള ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങള്‍ ഇന്ത്യ തടസ്സപ്പെടുത്തുന്നതായി ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 2021 അവസാനത്തോടെ ലോകത്ത് ഏകദേശം ഒന്നരക്കോടി ആളുകൾ മരിച്ചിട്ടുണ്ടാകുമെന്നാണ് ഔദ്യോഗിക റിപ്പോർട്ടെങ്കിലും യഥാർഥ കണക്ക് ഇതിനെക്കാൾ 90 ലക്ഷം അധികം വരുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
അധികമുള്ള മരണങ്ങളിൽ മൂന്നിലൊന്നും ഇന്ത്യയിൽനിന്നാണെന്നാണ് 'ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങള്‍ ഇന്ത്യ തടസ്സപ്പെടുത്തുന്നു' എന്ന തലക്കെട്ടിൽ ഏപ്രിൽ 16ന് ന്യൂയോർക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. വിദഗ്ധസംഘത്തിന്റെ ഒരു വർഷത്തിലേറെ നീണ്ട ഗവേഷണ-വിശകലന ഫലമാണ് റിപ്പോർട്ട്. 5,20,000 പേർ മരിച്ചെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക കണക്ക്. എന്നാൽ, ഇത് 40 ലക്ഷം വരുമെന്നാണ് ന്യൂയോർക് ടൈംസ് പറയുന്നത്. ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാറിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തുവന്നു. സര്‍ക്കാറിന്റെ വീഴ്ചമൂലം അഞ്ച് ലക്ഷം പേരല്ല, മറിച്ച് 40 ലക്ഷം ഇന്ത്യക്കാരാണ് മരിച്ചതെന്ന് ഞാന്‍ നേരത്തേയും പറഞ്ഞതാണെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. മോദി സത്യം പറയുകയോ മറ്റുള്ളവരെ പറയാന്‍ അനുവദിക്കുകയോ ചെയ്യില്ല.
ഓക്സിജന്‍ കിട്ടാതെ ആരും മരിച്ചിട്ടില്ലെന്ന് അദ്ദേഹം ഇപ്പോഴും നുണപറയുകയാണ്. മോദിജീ, വാഗ്ദാനം പാലിക്കൂ. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതം നല്‍കൂ എന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. എന്നാൽ, ഭൂമിശാസ്ത്രപരമായും ജനസംഖ്യാപരമായും ഇന്ത്യയെപ്പോലുള്ള വലിയ രാജ്യത്ത് കോവിഡ് മരണനിരക്ക് കണക്കാക്കാൻ ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്ന ഗണിതശാസ്ത്ര മാതൃക ഉപയോഗിക്കാനാകില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.