ന്യൂഡൽഹി: ഇന്ത്യ പാകിസ്താൻ നയതന്ത്രബന്ധം വഷളായതോടെ പാക് ഹൈക്കമീഷനിലെ പകുതി പേരെ തിരിച്ചയക്കണമെന്ന് ഇന്ത്യ പാക് വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഇന്ത്യയും ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ 50 ശതമാനം ഉദ്യാഗസ്ഥരെ പിൻവലിക്കും. ഏഴുദിവസത്തിനകം ഉദ്യോഗസ്ഥരെ പിൻവലിക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. പാകിസ്ഥാൻ ഡെപ്യൂട്ടി ഹൈക്കമീഷണറെ വിളിച്ചു വരുത്തിയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യൻ ഹൈക്കമീഷനിലെ രണ്ടു ജീവനക്കാരെ പാകിസ്താൻ കസ്റ്റഡിയിലെടുത്തതിനെ തുടർന്നാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്. കഴിഞ്ഞ കുറച്ച് ദിവസമായി ഇന്ത്യൻ ജീവനക്കാരെ പാകിസ്താൻ പീഡിപ്പിക്കുകയാണെന്ന് ഇന്ത്യ വിമർശിച്ചിരുന്നു.
നാളുകളായി ഇന്ത്യയും പാകിസ്താനും തമ്മിൽ നല്ല ബന്ധമല്ല നിലനിൽക്കുന്നത്. തിങ്കളാഴ്ച ഇന്ത്യൻ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെ പാക് ഏജൻസികൾ പിടിച്ചുകൊണ്ടുപോയി അനധികൃതമായി പത്ത് മണിക്കറിലധികം കസ്റ്റഡിയിൽ വെച്ച് പീഡിപ്പിച്ചതാണ പ്രകോപനത്തിന് കാരണമായത്. ഇന്ത്യൻ ഹൈക്കമീഷനും വിദേശകാര്യമന്ത്രാലയവും ശക്തമായ സമ്മർദ്ദം ചെലുത്തിയ ശേഷമാണ് ഇവരെ വിട്ടയക്കാൻ പാക് ഏജൻസികൾ തയ്യാറായത്. രണ്ട് ഇന്ത്യൻ ഉദ്യോഗസ്ഥരെയും ക്രൂരമായ പീഡനത്തിനും ചോദ്യം ചെയ്യലിനും വിധേയരാക്കി. പാക് അധികൃതർ ഇവരെ പീഡിപ്പിച്ചെന്നും ഗുരുതരമായ പരിക്കുകളേൽപ്പിച്ചെന്നും ഇന്ത്യ വ്യക്തമാക്കുന്നു.
ഹൈക്കമീഷന്‍റെ വാഹനം ഏതാണ്ട് പൂർണമായും തകർന്ന നിലയിലാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പാകിസ്താൻ അനാവശ്യമായി പ്രകോപനം സൃഷ്ടിക്കുകയാണെന്നാണ് ഇന്ത്യയുടെ നിലപാട്.
ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരെ പാക് ചാരസംഘടനയായ ഐ.എസ്.ഐ പിന്തുടരുന്നുെവന്നും ഇന്ത്യ ആരോപിക്കുന്നു. പാകിസ്താനിലെ ഇന്ത്യയുടെ മുതിർന്ന നയതന്ത്രപ്രതിനിധിയായ ഗൗരവ് അലുവാലിയയുടെ വാഹനത്തിന് പിന്നാലെ ഐ.എസ്.ഐ അംഗം സഞ്ചരിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ ഇന്ത്യ പുറത്തുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.