ന്യൂഡൽഹി: അരുണാചൽ പ്രദേശ് അതിർത്തിയിലെ തർക്ക പ്രദേശത്ത് ചൈന വൻ ഗ്രാമം നിർമിച്ചതായ യു.എസ് റിപ്പോർട്ടിനെ തള്ളി ഇന്ത്യ. ചൈനീസ് കൈയേറ്റമോ അവകാശവാദങ്ങളോ ഇന്ത്യ അംഗീകരിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. സുരക്ഷയുമായി ബന്ധപ്പെട്ട നടപടികൾ ഇന്ത്യ നിരന്തരം നിരീക്ഷിക്കുകയാണെന്നും പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ ആവശ്യമായ നടപടികളെല്ലാം കൈക്കൊണ്ടതായും അദ്ദേഹം വ്യക്തമാക്കി.
ചൈനീസ് അതിർത്തികളിൽ റോഡുകളും പാലങ്ങളുമടക്കമുള്ള അടിസ്ഥാനസൗകര്യ വികസന നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. ഇന്ത്യ-ചൈന അതിർത്തിയിൽ ചൈന വൻഗ്രാമങ്ങൾ നിർമിച്ചതായി യു.എസ് പ്രതിരോധ വകുപ്പ് യു.എസ് കോൺഗ്രസിന് സമർപ്പിച്ച റിപ്പോർട്ട് ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ദശകങ്ങളായി കൈയേറിയ പ്രദേശങ്ങളിലും അതിർത്തിയിലും വർഷങ്ങളായി ചൈന നിർമാണങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
മാക്മഹൻ രേഖക്ക് തെക്ക് ഇന്ത്യൻ അതിർത്തിക്കുള്ളിൽ സരി ചു നദീതീരത്താണ് ചൈനീസ് ഗ്രാമമെന്ന് യു.എസ് റിപ്പോർട്ടിൽ പറയുന്നു. അരുണാചൽ പ്രദേശിലെ അപ്പർ സബ്സൻസിരി ജില്ലയിലാണിത്. 1962ലെ യുദ്ധത്തിനു മുമ്പു പോലും ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിൽ ഏറ്റുമുട്ടൽ നടന്ന മേഖലയാണിത്.
ഒരു പതിറ്റാണ്ടിലേറെയായി ഈ മേഖലയിൽ ചെറിയൊരു സൈനിക കാവൽകേന്ദ്രം ചൈനക്കുണ്ട്. 2020ൽ പൂർണമായൊരു ഗ്രാമം തന്നെ ഇവിടെ ഉയർത്തുകയും ഇന്ത്യൻ ഭൂപ്രദേശത്ത് റോഡ് നിർമാണം വേഗത്തിലാക്കുകയും ചെയ്തു -റിപ്പോർട്ടിൽ പറയുന്നു. അമേരിക്കൻ പ്രതിരോധ വിഭാഗമായ പെൻറഗണാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.