ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച ഐ.എൻ.എസ് അരിഹന്ത് അന്തർവാഹിനിയിൽ നിന്നുള്ള ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയകരം. മിസൈൽ മുൻകൂട്ടി നിശ്ചയിച്ച പരിധി വരെ പരീക്ഷിക്കുകയും കൃത്യതയോടെ ബംഗാൾ ഉൾക്കടലിലെ ലക്ഷ്യസ്ഥാനത്ത് പതിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയുടെ ആദ്യത്തെ ആണവ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയാണ് ഐ.എൻ.എസ് അരിഹന്ത്. സമുദ്രത്തിൽ നിന്ന് സമീപത്തെ ഏതു നഗരത്തിലേക്കും മിസൈൽ പ്രയോഗിക്കാനുള്ള ശേഷി അരിഹന്തിനുണ്ട്. സമുദ്രത്തിനടിയിൽ കണ്ടുപിടിക്കപ്പെടാനാവാതെ ഒളിഞ്ഞു കിടക്കാനാവും. ശത്രുരാജ്യത്തിന്റെ തീരമേഖലക്ക് അടുത്തേക്ക് നുഴഞ്ഞുകയറാനും കഴിയും. അതുവഴി മിസൈൽ കൊണ്ട് സമീപത്തെ കരയിലുള്ള ലക്ഷ്യകേന്ദ്രങ്ങളെ കൃത്യമായി പ്രഹരിക്കാനാവും.
ഭൂതല-ഭൂതല മിസൈലിന് ചെന്നെത്താവുന്ന ദൂരപരിധിക്കപ്പുറത്തെ ലക്ഷ്യങ്ങൾ തകർക്കുകയാണ് പ്രധാന ദൗത്യം. 6000 ടൺ ശേഷിയുള്ള നാവികസേനയുടെ പൂർണ നിയന്ത്രണത്തിലുള്ള അരിഹന്തിന്റെ പ്രവർത്തനനിയന്ത്രണം പ്രധാനമന്ത്രി തലവനായ ആണവ അതോറിറ്റിക്കാണ്.
ഇന്ത്യയുടെ ആണവപ്രഹരശേഷി വർധിപ്പിക്കുക കൂടിയാണ് അരിഹന്ത് ചെയ്യുന്നത്. അമേരിക്ക, റഷ്യ, ഫ്രാൻസ്, ചൈന, ബ്രിട്ടൻ എന്നിവക്ക് ഈ ശേഷി നേരത്തേതന്നെ പൂർണതോതിലുണ്ട്. 2015 മുതൽ ആണവശേഷിയുള്ള അന്തർവാഹിനിയുടെ പട്രോളിങ് ചൈന തുടങ്ങിയതായി പറയുന്നു. അന്തർവാഹിനിയിൽ നിന്ന് മിസൈൽ അയക്കാനുള്ള സംവിധാനം പാകിസ്താൻ പരീക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.