സൂറത്ത്: തന്റെ മൂന്നാം തവണത്തെ ഭരണത്തിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളിൽ ഒന്നായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ സൂറത്തിന് സമീപം ഖജോദ് ഗ്രാമത്തിൽ 67 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ലോകത്തിലെ ഏറ്റവും വലിയ വജ്രവ്യാപാര ഓഫിസ് സമുച്ചയം ‘സൂറത്ത് ഡയമണ്ട് ബോഴ്സ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ കെട്ടിടം പുതിയ ഇന്ത്യയുടെ പുതിയ ശക്തിയുടെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമാണ്. സൂറത്തിലെ വജ്ര വ്യവസായം എട്ടുലക്ഷം പേർക്ക് തൊഴിലവസരം നൽകുന്നുണ്ടെന്നും പുതിയ കേന്ദ്രം തുറന്നതോടെ ഒന്നരലക്ഷം പേർക്കുകൂടി തൊഴിൽ ലഭ്യമാകുമെന്നും മോദി പറഞ്ഞു.
സൂറത്തും അതിന്റെ വജ്രവ്യവസായവും പലമടങ്ങ് വർധിച്ചിട്ടുണ്ടെങ്കിലും രത്നങ്ങളുടെയും സ്വർണാഭരണങ്ങളുടെയും കയറ്റുമതിയിൽ രാജ്യത്തിന്റെ സംഭാവന വെറും 3.5 ശതമാനം മാത്രമാണ്. സൂറത്ത് തീരുമാനിക്കുകയാണെങ്കിൽ, ഉടൻതന്നെ രത്ന-ആഭരണ കയറ്റുമതിയിൽ ഇരട്ട അക്കത്തിൽ എത്തിക്കാൻ കഴിയും. നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും സർക്കാർ കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇറക്കുമതിക്കും കയറ്റുമതിക്കുമായി അത്യാധുനിക കസ്റ്റംസ് ക്ലിയറൻസ് ഹൗസ്, റീട്ടെയിൽ ജ്വല്ലറി വ്യാപാരത്തിനായി ജ്വല്ലറി മാൾ, അന്താരാഷ്ട്ര ബാങ്കിങ് സൗകര്യം, സുരക്ഷിത നിലവറകൾ എന്നിവ ഉൾപ്പെടുന്നതാണ് വജ്രവ്യാപാര സമുച്ചയം. സൂറത്ത് വിമാനത്താവളത്തിന്റെ പുതിയ ടെർമിനലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവിയും ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.