ജുഡീഷ്യറി അതിന്‍റെ ഏറ്റവും ദുർബലമായ അവസ്ഥയിൽ -ദുഷ്യന്ത് ദവെ

ന്യൂഡൽഹി: ആധുനിക ഇന്ത്യൻ ചരിത്രത്തിൽ ജുഡീഷ്യറി അതിന്‍റെ ഏറ്റവും ദുർബലമായ അവസ്ഥയിലാണ് ഇപ്പോൾ ഉള്ളതെന്ന് മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പൂർണ പരാജയമാണെന്നും ദുഷ്യന്ത് ദവെ വിമർശിച്ചു. ലൈവ് ലോയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ ഇന്ത്യൻ ജുഡീഷ്യറിയുടെ സമകാലിക പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡി.വൈ. ചന്ദ്രചൂഡ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിൽ ഒരു വർഷം പൂർത്തിയാക്കിയതിനെ എങ്ങിനെ വിലയിരുത്തുന്നുവെന്ന ചോദ്യത്തിന്, പൂർണ പരാജയമാണെന്നായിരുന്നു മറുപടി. ഡി.വൈ. ചന്ദ്രചൂഡിനോട് ബഹുമാനമുണ്ട്. നേരത്തെ മുതൽ സൗഹൃദമുണ്ട്. പക്ഷേ, പദവിയിൽ അദ്ദേഹം പൂർണ പരാജയമായിരുന്നു. പദവിയിലിരുന്ന ഒരു വർഷം ഒന്നും നേട്ടമായി ചൂണ്ടിക്കാണിക്കാനില്ല. അദ്ദേഹം സ്ഥാനമേറ്റപ്പോൾ എന്തെങ്കിലും ചെയ്യുമെന്നും മാറ്റങ്ങൾ കൊണ്ടുവരുമെന്നും പ്രതീക്ഷിച്ചു. പക്ഷേ, ഒന്നുമുണ്ടായില്ല. ഘടനാപരമായ പരിഷ്കാരങ്ങളാണ് നമുക്ക് വേണ്ടത് -ദുഷ്യന്ത് ദവെ പറഞ്ഞു.

കേസ് പരിഗണിക്കാൻ അഭിഭാഷകർക്ക് പ്രത്യേകം ജഡ്ജിമാരെയും ബെഞ്ചിനേയും തെരഞ്ഞെടുക്കാനാവില്ലെന്ന ഡി.വൈ. ചന്ദ്രചൂഡിന്‍റെ പരാമർശം ചൂണ്ടിക്കാട്ടിയപ്പോൾ, അദ്ദേഹം പറഞ്ഞത് തെറ്റാണെന്നും അഭിഭാഷകർ കേസ് കേൾക്കാൻ ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നില്ലെന്നും ദുഷ്യന്ത് ദവെ പറഞ്ഞു. അത് രജിസ്ട്രിയാണ് തീരുമാനിക്കുന്നത്. ചീഫ് ജസ്റ്റിസ് നടപടിക്രമങ്ങൾ വായിച്ചിട്ടില്ലെന്നാണ് തോന്നുന്നത്. അദ്ദേഹം പറഞ്ഞത് കേട്ടപ്പോൾ വേദന തോന്നി -ദവെ വ്യക്തമാക്കി.

നീതിന്യായ വ്യവസ്ഥയിൽ സാധാരണക്കാരനുള്ള വിശ്വാസം കുറഞ്ഞു വരികയാണെന്ന സുപ്രീംകോടതി ജസ്റ്റിസ് എ.എസ്. ഓകയുടെ പരാമർശം ചൂണ്ടിക്കാട്ടിയപ്പോൾ, രാജ്യത്തെ ജുഡീഷ്യറിയിൽ നിലനിൽക്കുന്ന നീതിനിർവഹണം ഫലത്തിൽ പരാജയപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞിട്ടാകും അദ്ദേഹം അത് തുറന്ന് പറഞ്ഞതെന്ന് ദുഷ്യന്ത് ദവെ പറഞ്ഞു. സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജി തന്നെ ഇത് തുറന്ന് പറഞ്ഞ് ഇത്തരമൊരു ചർച്ച തുടങ്ങിയതിൽ സന്തോഷമുണ്ട്. നമ്മുടെ നീതിന്യായ സംവിധാനം തകർന്നിരിക്കുന്നെന്നും സമ്പന്നരും അധികാരമുള്ളവരും അത് ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും കഴിഞ്ഞ പത്ത് വർഷമായി ഞാൻ പരസ്യമായി പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. നിയമം കൈയിലെടുത്ത് ജനങ്ങളുടെ വീടുകളുടെ കടകളും തകർക്കുകയാണ്, കഴിഞ്ഞ ദിവസങ്ങളിൽ മഹാരാഷ്ട്രയിൽ സംഭവിച്ചത് പോലെ -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Indian Judiciary at its weakest - Dushyant Dave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.