ന്യൂഡൽഹി: നായ കുരച്ച് ചാടിയതിൽ പ്രകോപിതനായാണ് കൊലപാതകം നടത്തിയതെന്ന് 2018 ൽ ആസ്ട്രേലിയൻ യുവതിയെ കൊന്ന കേസിൽ പിടിയിലായ ഇന്ത്യൻ നഴ്സ് രജ്‍വിന്ദർ സിങ്. ഡൽഹി പൊലീസിനു മുമ്പാകെ നടത്തിയ കുറ്റസമ്മതത്തിലാണ് രജ്‍വിന്ദർ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഭാര്യയുമായി രൂക്ഷമായ തർക്കത്തിന് ശേഷം 38 കാരനായ രജ് വിന്ദർ സിങ് ക്യൂൻസ് ലാന്റിലെ വാങ്കെട്ടെ ബീച്ചിൽ എത്തിയതായിരുന്നു. പഴങ്ങളും അവ മുറിക്കാനായി കത്തിയും കൊണ്ടാണ് ബീച്ചിലേക്ക് വന്നത്. ഈ സമയം ഫാർമസി ജീവനക്കാരിയായ ടോയാ കോർഡിങ്ലെ തെന്റ നായയോടൊപ്പം നടക്കാനിറങ്ങിയതായിരുന്നു. നായ രജ്‍വിന്ദറിനു നേരെ കുരച്ച് ചാടി. ഇതോടെ രജ് വിന്ദറും കോർഡിങ്ലെയും തമ്മിൽ രൂക്ഷമായ വാക്കു തർക്കമുണ്ടായി. അതിനെ തുടർന്ന് ഇയാൾ കോർഡിങ്ലെയെ കത്തികൊണ്ട് കുത്തുകയായിരുന്നു. യുവതി മരിച്ചതോടെ ഇയാൾ മൃതദേഹം മണലിൽ കുഴിച്ചിട്ടു. നായയെ മരത്തിൽ കെട്ടിയിടുകയും ചെയ്തു.
തുടർന്ന് ഇയാൾ രണ്ട് ദിവസത്തിനുള്ളിൽ ജോലി ഒഴിവാക്കി ഭാര്യയെയും മൂന്ന് കുട്ടികളെയും ആസ്ട്രേലിയയിൽ തന്നെ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങി.
രജ്‍ വിന്ദർ സിങ്ങിനെ കണ്ടെത്താൻ ഇന്റർപോൾ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിനെ തുടർന്നാണ് പാട്യാല ഹൗസ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുകയും ഡൽറി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. സംഭവത്തിൽ നവംബറിൽ ആസ്ട്രേലിയൻ ഹൈകമീഷൻ പ്രതിയെ പിടികൂടുന്നവർക്ക് അഞ്ചുകോടി ഇനാം വാഗ്ദാനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.