ന്യൂഡൽഹി: കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ കഴിയുന്ന 806 എ.സി ത്രീ-ടയർ ഇക്കോണമി ക്ലാസ് കോച്ചുകൾ ഈ വർഷം പുറത്തിറക്കാനുള്ള പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ. നിലവിലെ എസി ത്രീ-ടയർ, നോൺ എ.സി സ്ലീപ്പർ ക്ലാസ് നിരക്കുകൾക്ക് ഇടയിലായിരിക്കും എ.സി 3 ടയർ ഇക്കോണമി ക്ലാസിന്‍റെ നിരക്കെന്നാണ് വിവരം. ഇക്കോണമി ക്ലാസ് കോച്ചുകളുടെ നിരക്ക് ഉടൻ റെയിൽവേ തീരുമാനിക്കും.
മിതമായ നിരക്കിൽ എ.സി യാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാറിന്‍റെ പുതിയ പദ്ധതി. റിസർവേഷൻ ചാർട്ടിൽ 3ഇ എന്നായിരിക്കും എ.സി ത്രീ-ടയർ ഇക്കോണമി ക്ലാസിനെ രേഖപ്പെടുത്തുക.
കപൂർത്തല റെയിൽ കോച്ച് ഫാക്ടറി, ചെന്നൈ ഇന്‍റട്രൽ കോച്ച് ഫാക്ടറി, റായ് ബറേലി മോഡേൺ കോച്ച് ഫാക്ടറി എന്നിവിടങ്ങളിലാണ് ഇതിനുള്ള കോച്ചുകൾ നിർമിക്കുന്നത്. പുതിയ കോച്ചിൽ 72 മുതൽ 83 വരെ ബെർത്ത് ഉണ്ടായിരിക്കും. വൈകല്യമുള്ളവർക്ക് ഉപയോഗിക്കാൻ പാകത്തിൽ വീതി കൂടിയ വാതിലുള്ള ശുചിമുറി ഒാരോ കോച്ചിലും തയാറാക്കും.
നിലവിൽ രാജ്യത്താകമാനം ഈ ശ്രേണിയിലുള്ള 25 കോച്ചുകൾ ഉപയോഗിക്കുന്നുണ്ട്. 10 എണ്ണം വെസ്റ്റേൺ റെയിൽവേയിലും ഏഴെണ്ണം നോർത്ത്-സെൻട്രൽ റെയിൽവേയിലും അഞ്ചെണ്ണം നോർത്ത് വെസ്റ്റേൺ റെയിൽവേയിലും മൂന്നെണ്ണം നോർത്തേൺ റെയിൽവേയിലും ഉണ്ട്.
ന്യൂഡൽഹി തുരന്തോ, ജയ്പൂർ തുരന്തോ (വെസ്റ്റേൺ റെയിൽവേ), ഡെറാഡൂൺ-പ്രയാഗ് രാജ് എക്സ്പ്രസ്, പ്രയാഗ് രാജ്-ജയ്പൂർ എക്സ്പ്രസ് (നോർത്ത് സെൻട്രൽ റെയിൽവേ), ജെയ്പൂർ-ചെന്നൈ സെൻട്രൽ എക്സ്പ്രസ്, ജയ്പൂർ-കോമ്പത്തൂർ എക്സ്പ്രസ് (നോർത്ത് വെസ്റ്റ് റെയിൽവേ), ആനന്ദ് വിഹാറിനും സിതാമഹ് രി സ്റ്റേഷനുകൾക്ക് ഇടയിൽ സർവീസ് നടത്തുന്ന ലിച് ചാവി എക്സ്പ്രസ് (നോർത്ത് റെയിൽവേ) എന്നിവയിൽ ഇത്തരം കോച്ചുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.