കാഠ്മണ്ഡു: പേസ്മേക്കർ ഘടിപ്പിച്ച ഹൃദയവുമായി എവറസ്റ്റ് കീഴടക്കുന്ന ആദ്യ സ്ത്രീയെന്ന റെക്കോഡ് ലക്ഷ്യമിട്ട് കൊടുമുടി കയറിയ ഇന്ത്യൻ പർവതാരോഹക മരിച്ചു. സൂസെയ്ൻ ലിയോപോൾഡീന ജീസസാണ് (59) മരിച്ചത്. 5800 മീറ്റർ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പിൽ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് നേപ്പാളിലെ സോലുകുംബു ലുഖ്‍ലാ ടൗണിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ബേസ് ക്യാമ്പിൽനിന്ന് 250 മീറ്റർ മുകളിലുള്ള ക്രോംപ്റ്റൻ പോയന്റ് വരെ എത്താൻ അഞ്ചിലധികം മണിക്കൂർ എടുത്തതോടെ ഇവർക്ക് പർവതാരോഹണം സാധ്യമല്ലെന്ന് അധികൃതർ ടൂറിസം വകുപ്പിനെ അറിയിച്ചിരുന്നു. സാധാരണ പർവതാരോഹകർ 15- 20 മിനിറ്റാണ് ഇതിന് എടുക്കാറ്. ദൗത്യം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സൂസെയ്ൻ തയാറായിരുന്നില്ല.
8,848.86 മീറ്റർ ഉയരമുള്ള കൊടുമുടി കയറാൻ ഫീസടച്ച് അനുമതി വാങ്ങിയ താൻ അതു പൂർത്തിയാക്കുമെന്നായിരുന്നു അവർ മറുപടി പറഞ്ഞത്. എന്നാൽ, പിന്നീട് ഭക്ഷണമിറക്കാൻപോലും പ്രയാസം അനുഭവപ്പെട്ടതോടെ ഇവരെ നിർബന്ധപൂർവം ഹെലികോപ്റ്ററിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
‘‘ദൗത്യം ഉപേക്ഷിക്കാൻ സൂസെയ്നോട് അഞ്ചു ദിവസം മുമ്പു തന്നെ ഞങ്ങൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പൂർത്തിയാക്കുമെന്ന വാശിയിലായിരുന്നു അവർ. കൂടുതൽ ഉയരം കയറാൻ സൂസെയ്ന് അനുമതി ഇല്ലായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്’’ -പർവതാരോഹണ ദൗത്യം കോഓഡിനേറ്റർ പറഞ്ഞു. മഹരാജ് ഗഞ്ചിലെ ത്രിഭുവൻ യൂനിവേഴ്സിറ്റി ടീച്ചിങ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തും. ചൈനീസ് പർവതാരോഹകനും വ്യാഴാഴ്ച രാവിലെ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.