ഞങ്ങൾക്ക് ഞങ്ങളുടെ സ്വന്തം ലക്ഷദ്വീപുണ്ട്; മന്ത്രിയുടെ സമൂഹ മാധ്യമ പോസ്റ്റിനു പിന്നാലെ മാലദ്വീപ് യാത്ര റദ്ദാക്കി ഇന്ത്യക്കാർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേ​ന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനു പിന്നാലെ ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം വഷളാകുന്നു. ഇന്ത്യ മാലദ്വീപിനെ ലക്ഷ്യം വെക്കുകയാണെന്നും എന്നാൽ കടൽത്തീര ടൂറിസത്തിൽ മാലദ്വീപിനൊപ്പമെത്താൻ കിതക്കുകയാണെന്നും പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു ശേഷം മാലദ്വീപ് മന്ത്രി അബ്ദുല്ല മഹ്സൂം മാജിദ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചിരുന്നു.

ട്വീറ്റ് വിവാദമായതിനു പിന്നാലെ, മാലദ്വീപിൽ അവധിക്കാലം ചെലവഴിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻവാങ്ങിയെന്ന് നിരവധി ഇന്ത്യക്കാരാണ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. ഇതിനു കാരണം മാലദ്വീപ് മന്ത്രിയുടെ പോസ്റ്റാണെന്നും അവർ വ്യക്തമാക്കി. മാലദ്വീപ് മന്ത്രിയുടെ സമൂഹ മാധ്യമ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് സഹിതമായിരുന്നു അവരുടെ വെളിപ്പെടുത്തൽ. എക്സ് പ്ലാറ്റ്ഫോമിൽ ബോയ്കോട്ട് മാലദ്വീപ് ഹാഷ്ടാഗുകളും സജീവമാണ്.പലരും ആഴ്ചകൾക്കു മുമ്പാണ് മാലദ്വീപിലേക്ക് യാത്ര പോകാനായി പ്ലാൻ ചെയ്തത്. മന്ത്രിയുടെ പ്രകോപനത്തോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

സോറി മാലദ്വീപ്, ഞങ്ങൾക്ക് ഞങ്ങളുടെ സ്വന്തം ലക്ഷദ്വീപുള്ളപ്പോൾ അങ്ങോട്ടു വരേണ്ട കാര്യമില്ലല്ലോ എന്നാണ് പലരും കാരണം പറഞ്ഞിരിക്കുന്നത്. 

കഴിഞ്ഞ നവംബറിൽ ചൈനയോട് ആഭിമുഖ്യം പുലർത്തുന്ന മുഹമ്മദ് മൊയ്സു പ്രസിഡന്റായി അധികാര​മേറ്റതോടെയാണ് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം വഷളായി തുടങ്ങിയത്. ചൈനയോട് കൂടുതൽ അടുത്ത് വിദേശകാര്യ നയം പൊളിച്ചെഴുതുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്ത്യയോട് ഏറെ അടുപ്പം പുലർത്തുന്ന സമീപനമായിരുന്നു മാലദ്വീപിലെ മുൻ പ്രസിഡന്റുമാർക്ക്. ഇതു തിരുത്തുമെന്നാണ് മൊയ്സു സൂചന നൽകിയത്. അതുകൂടാതെ,ജനുവരി എട്ടിന് ചൈനയിലേക്ക് പോകാനിരിക്കുകയാണ് മൊയ്സു.

ടൂറിസം വികസനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ലക്ഷദ്വീപ് സന്ദർശിച്ചതോടെ സമൂഹ മാധ്യമങ്ങളിൽ മാലദ്വീപിന് ബദലായി മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാണ് ലക്ഷദ്വീപ് എന്ന തരത്തിലുള്ള ചർച്ചകളും വ്യാപകമായിരുന്നു. ഇതിനെ മാലദ്വീപ് ഭരണകക്ഷി പരിഹസിക്കുകയും ചെയ്തു. 


Tags:    
News Summary - Indians cancel Maldives trips amid row over Island Minister's post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.