ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പിൻവലിക്കാൻ മോൻഡെലസ് ഇന്ത്യയോട് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമീഷൻ. കമ്പനിയുടെ കീഴിൽ വരുന്ന ബ്രാൻഡായ ബോൺവീറ്റയുടെ പരസ്യങ്ങൾ പിൻവലിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബോൺവിറ്റയിൽ പഞ്ചസാരയുടെ അളവ് അധികമാണെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു. പരസ്യങ്ങൾക്കൊപ്പം ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകളും ബോൺവിറ്റ പിൻവലിക്കണം.
ഇതുമായി ബന്ധപ്പെട്ട് ഏഴ് ദിവസത്തിനകം വിശദീകരണം നൽകാനും ബോൺവിറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബോൺവിറ്റയിൽ പഞ്ചസാരയുടെ അളവ് അധികമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ബാലാവകാശ കമീഷൻ വിശദീകരിച്ചു. ഹെൽത്ത് ഡ്രിങ്ക് എന്ന പേരിൽ ബോൺവിറ്റയുടെ മാർക്കറ്റിങ് നടത്തിയ കമ്പനി കുട്ടികളുടെ ആരോഗ്യം ഉൽപന്നം മൂലം മെച്ചപ്പെടുമെന്നും പ്രചാരണം നടത്തിയിരുന്നു. എന്നാൽ, ബോൺവിറ്റയിൽ കണ്ടെത്തിയ ഉയർന്ന അളവിലുള്ള പഞ്ചസാര സാന്നിധ്യം കുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതാണ്. ഇത് മറച്ചുവെക്കുന്നതാണ് ബോൺവിറ്റയുടെ പരസ്യമെന്നും ബാലാവകാശ കമീഷൻ വിശദീകരിച്ചു.
നേരത്തെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ബോൺവിറ്റയിലെ ഉയർന്ന പഞ്ചസാരയെ കുറിച്ചും അത് കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നത് സംബന്ധിച്ചും വിഡിയോ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ നടപടിയുമായി ബാലാവകാശ കമീഷൻ രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.