ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിൻ ക്ഷാമം ജൂലൈ വരെ തുടരുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് തലവൻ അദാർ പൂനവാല. ജൂലൈ വരെ വാക്സിൻ ക്ഷാമം അനുഭവപ്പെടും. ജൂലൈയോടെ വാക്സിൻ ഉൽപ്പാദനം വർധിപ്പിക്കാനാകുമെന്നാണ് വിലയിരുത്തലെന്നും അദാർ പൂനവാല പറഞ്ഞതായി ഫിനാൻഷ്യൽ ടൈംസ് റിേപ്പാർട്ട് ചെയ്തു.
നിലവിൽ 60 മുതൽ 70 മില്ല്യൺ വരെയാണ് ഉൽപാദനം. ജൂലൈയിൽ ഉൽപാദനം 100 മില്ല്യനായി ഉയർത്തും. രാജ്യത്ത് 18 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ വിതരണം ആരംഭിച്ചതിന് പിന്നാലെയായിരുന്നു അദാർ പൂനവാലയുടെ പ്രതികരണം.
രാജ്യത്ത് കൊറോണ വൈറസിന്‍റെ രണ്ടാംതരംഗം ജനുവരിയിൽ ആരംഭിക്കുമെന്ന് അധികൃതർ കരുതിയിരുന്നില്ല. വ്യാപനം കുറഞ്ഞുവെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിച്ച് കോവിഡ് വ്യാപനം രൂക്ഷമാകുകയായിരുന്നു. ഓർഡറുകൾ ലഭിച്ചതോടെ വാക്സിൻ ഉൽപാദനം വേഗത്തിലായിരുന്നു.
വാക്സിന് ഓർഡറുകളൊന്നുമുണ്ടായിരുന്നില്ല. അതിനാൽ പ്രതിവർഷം ഒരു ബില്ല്യൺ ഡോസ് വാക്സിൻ വേണ്ടിവരുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല -അദാർ പൂനവാല പറഞ്ഞു.
ആസ്ട്രസെനകയും ഓക്സ്ഫഡ് സർവകലാശാലയും വികസിപ്പിച്ചെടുത്ത കോവിഷീൽഡ് വാക്സിൻ ഉൽപാദിപ്പിക്കുന്നത് സെറം ഇൻസ്റ്റിറ്റ്യൂട്ടാണ്. ഇന്ത്യയിൽനിന്ന് കോവിഷീൽഡ് വാക്സിൻ നിരവധി രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്തിരുന്നു.
രാജ്യത്ത് മേയ് ഒന്നുമുതൽ 18 വയസിന് മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചിരുന്നു. വാക്സിൻ ക്ഷാമം മുതൽ മിക്ക സംസ്ഥാനങ്ങൾക്കും വിതരണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. വാക്സിന്റെ വില നിർണയവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും ഉടലെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.