ആദ്യ നിയമമന്ത്രി ബി.ആർ.അംബേദ്കറിന്റെ രാജിക്കത്ത് നഷ്ടപ്പെട്ടെന്ന് വിവരാവകാശ കമീഷൻ

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനാ ശിലപ്പിയും ആദ്യ നിയമമന്ത്രിയുമായ ബി.ആർ. അംബേദ്കറിന്റെ രാജിക്കത്ത് നഷ്ടപ്പെട്ടെന്ന് വിവരാവകാശ കമീഷൻ. നിയമമന്ത്രി സ്ഥാനം രാജിവെക്കുന്നതായി അറിയിച്ച് അന്നത്തെ രാഷ്ട്രപതിക്ക് നൽകിയ കത്താണ് ഔദ്യോഗിക രേഖകളിൽ നിന്ന് നഷ്ടപ്പെട്ടത്.

ഭരണഘടനാകാര്യ വിഭാഗത്തിൽ അരിച്ചുപെറുക്കി തിരഞ്ഞിട്ടും കത്ത് കണ്ടെത്താനായില്ലെന്ന് രാഷ്ട്രപതി സെക്രട്ടേറിയറ്റ് കേന്ദ്ര വിവരാവകാശകമീഷന് മറുപടി നൽകി.

പ്രശാന്ത് എന്നയാൾ ഡോ. അംബേദ്ക്കർ അന്നത്തെ രാഷ്ട്രപതിക്ക് നൽകിയ രാജിക്കത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ആവശ്യപ്പെട്ട് 2005ലെ വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയാണ് ഈ വിവരം വെളിച്ചത്തുകൊണ്ടുവന്നതെന്ന് ‘ദ ഹിന്ദു’ റിപ്പോർട്ട് ചെയ്യുന്നു.

അപേക്ഷകൻ, പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും മന്ത്രിസഭാ സെക്രട്ടേറിയറ്റിലേക്കും രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റിലേക്കും അപേക്ഷ നൽകിയിട്ടുണ്ട്. ആദ്യ നിയമമന്ത്രി രാജിവെക്കാൻ നിരത്തിയ കാരണം എന്താണെന്നും അപേക്ഷയിൽ ചോദിച്ചിരുന്നു.

എന്നാൽ, 1951 ഒക്ടോബർ 11നാണ് ബി.ആർ. അംബേദ്കർ നിയമമന്ത്രി സ്ഥാനം രാജിവെച്ചത് പ്രാബല്യത്തിൽ വന്നതെന്നും രാജി സ്വീകരിച്ച ദിവസം ഏതാണെന്ന് മാത്രമേ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയാനാകൂവെന്നും പി.എം.ഒ വിവരാവകാശ കമീഷണറെ അറിയിച്ചു. പി.എം.ഒ അപേക്ഷ കാബിനറ്റ് സെക്രട്ടേറിയറ്റിലേക്ക് കൈമാറി. അവിടെ നിന്ന് രാഷ്ട്രപതി സെക്രട്ടേിയറ്റിലേക്കാണ് അപേക്ഷ നൽകേണ്ടതെന്ന് അറിയിച്ചു.

മന്ത്രിമാരുടെ പ്രവർത്തനങ്ങളിൽ സഹായിക്കുകയാണ് കാബിനറ്റ് സെക്രട്ടേറിയറ്റിന്റെ ധർമമെന്നും രാജി സംബന്ധിച്ച വിവരങ്ങൾ ഇവിടെ ലഭ്യമല്ലെന്നുമാണ് കാബിനറ്റ് സെക്രട്ടേറിയറ്റ് നൽകിയ മറുപടി. കൂടുതൽ വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്ന് അപേക്ഷകനായ പ്രശാന്ത് അപ്പീൽ നൽകുകയായിരുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസിലോ രാഷ്ട്രപതി സെക്രട്ടേറിയറ്റിലോ രേഖകൾ ഉണ്ടാകുമെന്നും മന്ത്രിമാരുടെ രാജി സ്വീകരിക്കുന്നതിനും തള്ളുന്നതിനും അധികാരം ഈ രണ്ട് ഓഫീസുകൾക്കാണെന്നും പ്രശാന്ത് വാദിച്ചു. കാബിനറ്റ് സെക്രട്ടേറിയറ്റ് നൽകിയ മറുപടിയിൽ 1951 ഒക്ടോബർ 11ന് ഇന്ത്യൻ പ്രസിഡന്റ് അംബേദ്കറുടെ രാജി സ്വീകരിച്ചുവെന്ന് പരാമർശമുണ്ടെന്നും അതിനാൽ രാജിക്കത്തിന്റെ കോപ്പി രാഷ്ട്രപതി സെക്രട്ടേറിയറ്റിൽ ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ രാഷ്ട്രപതി സെക്രട്ടേറിയറ്റിൽ അരിച്ചു പെറുക്കിയിട്ടും കത്ത് കണ്ടെത്താനായില്ലെന്നാണ് അവിടെ നിന്ന് ലഭിച്ച മറുപടി. തുടർന്ന് കേസിൽ ഈ ഘട്ടത്തിൽ കമ്മിഷന് കൂടുതൽ ഇടപെടൽ നടത്താൻ കഴിയില്ലെന്ന് മുഖ്യ വിവരാവകാശ കമ്മീഷണർ വൈ.കെ. സിൻഹ പറഞ്ഞു.

‘എല്ലാ കക്ഷികളിൽ നിന്നും ലഭിച്ച മറുപടി പ്രകാരം വിവരങ്ങളുടെ സൂക്ഷിപ്പുകൾ രാഷ്ട്രപതി സെക്രട്ടേറിയറ്റിൽ ആയിരിക്കുമെന്ന് അനുമാനിക്കാം. എന്നാൽ അവിടെ രേഖകൾ കണ്ടെത്താനായിട്ടില്ലെന്നാണ് അധികൃതർ നൽകിയ മറുപടി. അധികാരിയുടെ കൈവശമുള്ളതും ലഭ്യമായതുമായ വിവരങ്ങൾ മാത്രമേ നൽകാനാകൂ. ഒരു രേഖയും സൃഷ്ടിക്കാൻ നിർദേശം നൽകാനാവില്ല’ -ഫെബ്രുവരി 10 ന് ഹരജി തീർപ്പാക്കിക്കൊണ്ട് സിൻഹ വ്യക്തമാക്കി.

ഹിന്ദു കോഡ് ബില്ല് പരിഷ്കരണത്തെ നെഹ്റു സർക്കാർ പിന്തുണക്കാത്തതിനെ തുടർന്നാണ് അംബേദ്കർ മന്ത്രി സ്ഥാനം രാജിവെച്ചതെന്ന് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് 2016ൽ ബിഹാർ ഗവർണറായിരിക്കെ ഒരു സെമിനാറിൽ വിദ്യാർഥികളോട് പറഞ്ഞിരുന്നു.

Tags:    
News Summary - India’s first Law Minister Dr. Ambedkar’s resignation letter missing from records

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.