ജമ്മു: ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ നിർമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ തുരങ്കപാതയായ ചെനാനി-നഷ്റി തുരങ്കം ഏപ്രിൽ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. ഇതോടെ ജമ്മുവിനും ശ്രീനഗറിനും ഇടയിലുള്ള ദൂരം 30 കിലോമീറ്റർ കുറയും. 10.89 കിലോമീറ്റർ നീളം വരുന്ന ഇരട്ട തുരങ്കം നാല് വർഷം കൊണ്ട് റെക്കോഡ് വേഗത്തിലാണ് പൂർത്തിയാക്കിയത്. ഇരുദിശയിലേക്കും ഗതാഗത സൗകര്യമുള്ള ഏഷ്യയിലെ ഏറ്റവും നീളം കൂടിയ തുരങ്കമാണിത്. 2519 കോടിയാണ് തുരങ്കത്തിെൻറ നിർമാണ ചെലവ്.
286 കിലോമീറ്റർ ദൂരമുള്ള ദേശീയപാതയുടെ ഭാഗമായാണ് തുരങ്കം നിർമിച്ചത്. 2011 മേയ് 23നാണ് റോഡ് നിർമാണം തുടങ്ങിയത്. സ്വയം പ്രവർത്തിക്കുന്ന അഗ്നി ശമന സംവിധാനങ്ങൾ, സിഗ്നൽ, വൈദ്യുതി തുടങ്ങി ലോകോത്തര സംവിധാനങ്ങൾ തുരങ്കത്തിൽ ഒരുക്കിയിട്ടുണ്ട്. ഇത് തുറക്കുന്നതോടെ ജമ്മു^ശ്രീനഗർ യാത്രയിൽ രണ്ടര മണിക്കൂർ ലാഭിക്കാനാകും. നിലവിൽ ചെനാനി മുതൽ നഷ്റി വരെ 41 കിലോമീറ്റർ ദൂരമുണ്ട്. ഇത് 10.9 കിലോമീറ്ററായി ചുരുങ്ങും. ഇേതാടെ ദിവസവും 27 ലക്ഷം രൂപയുടെ ഇന്ധനലാഭമുണ്ടാകുമെന്നാണ് കരുതുന്നത്. മാർച്ച് ഒമ്പത്, 15 തീയതികളിൽ തുരങ്കത്തിൽ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി. തുരങ്കപാത തുറക്കുന്നതോടെ മഞ്ഞുവീഴ്ചമൂലം ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെടുന്ന പ്രശ്നത്തിനും പരിഹാരമാകും. കാർ ഉൾപെടെ ചെറിയ വാഹനങ്ങൾ 55 രൂപയും ബസ്, ട്രക്ക് ഉൾപെടെയുള്ള വലിയ വാഹനങ്ങൾ 190 രൂപയും ടോൾ അടക്കണം. ഒരോ 75 മീറ്ററിലും സി.സി.ടി.വി കാമറ സ്ഥാപിച്ചിട്ടുണ്ട്. 124 സി.സി.ടി.വി കാമറകൾ തുരങ്കത്തിൽ ഉണ്ടാകും. വാഹനങ്ങളുടെ പരമാവധി വേഗത മണിക്കൂറിൽ 50 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.