പ്രതീകാത്മക ചിത്രം

തെലങ്കാന സ്വദേശിക്ക് ഇൻഡിഗോ 30,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ഹൈദരാബാദ്: തെലങ്കാന സ്വദേശിക്ക് ഇൻഡിഗോ 30,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്. വിമാനം റദ്ദാക്കലിനെ സംബന്ധിച്ച് കൃത്യസമയത്ത് വിവരമറിയിക്കുന്നതിൽ പരാജയപ്പെട്ടതിനാണ് നഷ്ടപരിഹാരം വിധിച്ചത്. ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷന്റേതാണ് ഉത്തരവ്.

45 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുളളത്. കാലാവധി കഴിഞ്ഞാൽ പണത്തോടൊപ്പം 12 ശതമാനം പലിശയും നൽകണം. സൂര്യകാന്ത് ത്രിപാഠിയെന്നയാളാണ് ഇക്കാര്യത്തിൽ പരാതി നൽകിയത്.

എയർലൈനിന്റെ രാവിലെ 10.05നുള്ള ചെന്നൈ വിമാനത്തിലാണ് ത്രിപാഠി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ, യാത്ര ദിവസം പുലർച്ചെ 4.31നാണ് വിമാനം റദ്ദാക്കിയെന്ന സന്ദേശം ഇൻഡിഗോ ത്രിപാഠിക്ക് നൽകിയത്. എയർപോർട്ടിലേക്ക് പോകുന്നതിനിടെ രാവിലെ എട്ട് മണിക്കാണ് ത്രിപാഠി ഇൻഡിഗോയുടെ മെസേജ് കണ്ടത്.

വിമാനം റദ്ദാക്കിയത് മൂലം അന്ന് ഉച്ചക്ക് രണ്ട് മണിക്ക് നടക്കേണ്ടിയിരുന്ന പ്രധാനപ്പെട്ട യോഗത്തിൽ തനിക്ക് പ​ങ്കെടുക്കാൻ സാധിച്ചില്ലെന്ന് ത്രിപാഠി പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ടിക്കറ്റ് ബുക്കിങ്ങിനായി തിരിച്ചു കിട്ടാത്ത 7800 രൂപയാണ് ത്രിപാഠി നൽകിയത്.

ഓപ്പറേറ്റ് ചെയ്യാൻ കഴിയാത്ത സാഹചര്യമായതിനാലാണ് വിമാനം റദ്ദാക്കിയതെന്ന് ഇൻഡിഗോ അറിയിച്ചു. റീഫണ്ട് നൽകാനുള്ള നടപടികൾ ആരംഭിച്ചുവെന്നും കമ്പനി വ്യക്തമാക്കി. ഇരുപക്ഷത്തിന്റേയും വാദം കേട്ട കമീഷൻ വിമാനം റദ്ദാക്കാനിടയായ സാഹചര്യം വിശദീകരിക്കുന്നതിൽ ഇൻഡിഗോ പരാജയപ്പെട്ടുവെന്ന് നിരീക്ഷിച്ചു. പകരം യാത്രസംവിധാനം കമ്പനി ഒരുക്കിയില്ലെന്ന് കൂടി ചൂണ്ടിക്കാട്ടിയാണ് 30,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.

Tags:    
News Summary - Indigo Airlines asked to pay compensation of Rs 30K to Hyderabad man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.