മുംബൈ: ടേക്ക് ഓഫിന് നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ സീറ്റില്ലാതെ വിമാനത്തിൽ നിൽക്കുന്ന യാത്രക്കാരനെ കണ്ടതോടെ യാത്ര വൈകി ഇൻഡിഗോ വിമാനം, മുംബൈയിൽ നിന്നും വാരാണസിയിലേക്ക് പോകുന്ന ഇൻഡിഗോ എയർലൈൻസിന്റെ 6E 6543 വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരെ വിമാനത്തിൽ കയറ്റുന്ന നടപടികളിൽ സംഭവിച്ച പിഴവാണ് സംഭവത്തിന് പിന്നിലെന്നാണ് കമ്പനിയുടെ വിശദീകരണം.
ചൊവ്വാഴ്ച രാവിലെ 7.50ഓടെയായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ ടേക്ക് ഓഫിന് തൊട്ടുമുമ്പാണ് വിമാനത്തിൽ ഒരു യാത്രക്കാരൻ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ജീവനക്കാരെത്തി വിവരം തിരക്കിയപ്പോഴാണ് സീറ്റില്ലാത്തതിനാലാണ് നിൽക്കുന്നതെന്ന് യാത്രക്കാരൻ വെളിപ്പെടുത്തിയത്. ഇതോടെ വിമാനം എയറോബ്രിഡ്ജിലേക്ക് കൊണ്ടുവന്ന് യാത്രക്കാരനെ ഇറക്കുകയായിരുന്നു.
യാത്രക്കാരെ വിമാനത്തിൽ കയറ്റുന്ന നടപടികളിൽ ചില പിശകുകൾ സംഭവിച്ചുവെന്നാണ് സംഭവത്തിൽ ഇൻഡിഗോയുടെ വിശദീകരണം. കൺഫേം ടിക്കറ്റുള്ള യാത്രക്കാരന്റെ ടിക്കറ്റ് മറ്റൊരാൾക്ക് കൂടി അബദ്ധത്തിൽ അനുവദിച്ചതാണ് സംഭവത്തിന് പിന്നിലെന്നും കമ്പനി പറയുന്നു. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും യാത്രാ നടപടികളിൽ കൂടുതൽ ശ്രദ്ധചെലുത്തുമെന്നും ഇൻഡിഗോ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.