ബെംഗളൂരു: കർണാടകയിലെ ദാവണഗരെയിൽ ഡോക്ടറുടെ അശ്രദ്ധ മൂലം നവജാത ശിശു കൊല്ലപ്പെട്ടു. ചിഗതേരി ജില്ലാ ആശുപത്രിയിലാണ് സംഭവം.
ജൂൺ 27നായിരുന്നു പ്രസവത്തിനായി ദാവങ്ങരെ കൊണ്ടജ്ജി റോഡിലെ അർജുന്റെ ഭാര്യ അമൃതയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അമൃതക്ക് ഉയർന്ന രക്ത സമ്മർദം ഉണ്ടായിരുന്നതിനാൽ സിസേറിയൻ വേണമെന്ന് ഡോക്ടർ നിർദേശിച്ചു. സി-സെക്ഷൻ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുന്നതിനിടെ അബദ്ധത്തിൽ കുഞ്ഞിന്റെ മലാശയത്തിന് മുറിവേറ്റിരുന്നു.
സംഭവത്തിന് പിന്നാലെ കുഞ്ഞിനെ വിദഗ്ധ ചികിത്സക്കായി ബാപുജി ആശുപത്രിയിലേക്ക് മാറ്റി. ജൂൺ 30ന് കുഞ്ഞിന്റെ മലാശയത്തിൽ ശസ്ത്രക്രിയ നടത്തിയെങ്കിലും മുറിവിലേറ്റ അണുബാധ മൂലം കുട്ടി മരണപ്പെടുകയായിരുന്നു.
ജില്ലാ ആശുപത്രിയിലെ ഡോക്ടറായ നിസാമുദ്ദീൻ ആയിരുന്നു ശസ്ത്രക്രിയ നടത്തിയത്. സംഭവത്തിൽ മാതാപിതാക്കളുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും ഡോക്ടറുടെ പിശകാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ മറുപടി ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും സർജൻ കെ.ബി നാഗേന്ദ്രപ്പ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.