ഇംഫാലിൽ നടന്ന പ്രതിഷേധ മാർച്ചിൽനിന്ന്

മണിപ്പൂരിൽ സംഘർഷം രൂക്ഷമാകുന്നു; അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റിന് വിലക്ക്

ഇംഫാൽ: സംഘർഷം രൂക്ഷമാകുകയും വിദ്യാർഥി പ്രക്ഷോഭം വ്യാപകമാകുകയും ചെയ്ത പശ്ചാത്തലത്തിൽ മണിപ്പൂരിൽ താൽക്കാലികമായി ഇന്റർനെറ്റ് സേവനങ്ങൾ വിലക്കി. സെപ്റ്റംബർ 15 വരെ അഞ്ച് ദിവസത്തേക്ക് ഇന്‍റർനെറ്റ് വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. മൊബൈൽ ഡേറ്റ സർവീസുകൾ, ലീസ് ലൈൻ, വി.എസ്.എ.ടി, ബ്രോഡ്ബാൻഡ്, വി.പി.എൻ സേവനങ്ങൾ റദ്ദാക്കി.

മണിപ്പൂർ മുൻ മുഖ്യമന്ത്രിയുടെ വീടിന് നേരെ ഡ്രോൺ ആക്രണമുണ്ടായതോടെയാണ് സംസ്ഥാനത്ത് വീണ്ടും സംഘർഷമുണ്ടായത്. തിങ്കളാഴ്ച നൂറുകണക്കിന് വിദ്യാർഥികൾ ക്യാമ്പസിലും ഇംഫാലിലെ തെരുവുകളിലും പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തി. ആക്രമണത്തിനു പിന്നിലുള്ളവർക്കു നേരെ നടപടി വേണമെന്നും സംസ്ഥാനത്തെ ക്രമസമാധാനനില പുനഃസ്ഥാപിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച പ്രക്ഷോഭകർ രാജ്ഭവനിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. സംഘർഷത്തിൽ കലാശിച്ചതോടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഡി.ജി.പിയെയും സർക്കാറിന്‍റെ സുരക്ഷാ ഉപദേശകനെയും നീക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജ്ഭവനിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ തൗബാലിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ഡ്രോൺ ആക്രമണത്തിലും തുടന്നുണ്ടായ സംഘർഷത്തിലുമായി 12 പേർക്ക് ജീവൻ നഷ്ടമായി. സ്ഥിതിഗതികൾ വിലയിരുത്തി അടിയന്തര നടപടി സ്വീകരിക്കാൻ കേന്ദ്രം തയാറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മെയ്തെയ് - കുകി വിഭാഗങ്ങൾ തമ്മിൽ 2023 മേയിൽ ആരംഭിച്ച വംശീയകലാപത്തിൽ 200ലേറെ പേർ കൊല്ലപ്പെടുകയും അതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആയിരക്കണക്കിനു പേർക്ക് വീടുകൾ നഷ്ടമാവുകയും കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തു. 


Full View


Tags:    
News Summary - Internet suspended in Manipur for 5 days amid unrest, student agitation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.