ന്യൂഡൽഹി: ഭാരതി ഗ്രൂപ്പിനു കീഴിലെ യൂടെൽസാറ്റ് വൺവെബിന് ലേലമില്ലാതെ ഉപഗ്രഹ സ്പെക്ട്രം അനുവദിക്കാനുള്ള മോദി സർക്കാറിന്റെ നീക്കം ഇലക്ടറൽ ബോണ്ട് വഴിയുള്ള സംഭാവനയുടെ പ്രത്യുപകാരമാണെന്ന സംശയം ബലപ്പെടുന്നു.
150 കോടി രൂപ ഇലക്ടറൽ ബോണ്ടായി ബി.ജെ.പിക്ക് കൈമാറിയതും സ്പെക്ട്രം അനുവദിക്കുന്നതിനു മുമ്പുള്ള രണ്ടു പ്രധാന അനുമതികൾ ലഭിച്ചതും തമ്മിൽ ബന്ധമുണ്ടെന്ന് ഇതിനകം പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നതായി വാർത്ത വെബ്സൈറ്റായ സ്ക്രോൾ ഡോട്ട് ഇൻ റിപ്പോർട്ട് ചെയ്തു.
എയർടെലിന്റെ മാതൃ കമ്പനിയായ ഭാരതി എന്റർപ്രൈസസ്, ബ്രിട്ടീഷ് സർക്കാർ, സോഫ്റ്റ് ബാങ്ക് എന്നിവയുടെ ഉടമസ്ഥതയിലുള്ളതാണ് യൂടെൽസാറ്റ് വൺവെബ്. ബ്രോഡ്ബാൻഡ് സേവനങ്ങൾ ഉപഗ്രഹം വഴി ലഭ്യമാക്കുന്ന കമ്പനിയാണിത്. യു.പി.എ സർക്കാറിന്റെ കാലത്ത് രാജ്യംകണ്ട ഏറ്റവും വലിയ അഴിമതിയായ 2ജി സ്പെക്ട്രം കുംഭകോണമാണ് 2014ൽ നരേന്ദ്ര മോദിക്ക് അധികാരത്തിലേക്കു വഴിതെളിച്ചത്.
സ്പെക്ട്രം അനുവദിക്കുന്നത് ലേലത്തിലൂടെ മാത്രമായിരിക്കണമെന്ന് 122 ടെലികോം കമ്പനികളുടെ ലൈസൻസ് റദ്ദാക്കി 2012ൽ സുപ്രീംകോടതി ചരിത്രവിധി പുറപ്പെടുവിച്ചിരുന്നു.
എന്നാൽ, ഈ വിധി കാറ്റിൽപറത്തി കോൺഗ്രസ് സർക്കാറിന്റെ പാത പിന്തുടർന്നാണ് മോദി സർക്കാറും സ്പെക്ട്രം അനുവദിക്കാനുള്ള നടപടിക്രമങ്ങൾ മുന്നോട്ടുനീക്കിയതെന്ന് രേഖകളിലൂടെ തെളിയുന്നു. ലേലമില്ലാതെ ഭരണപരമായ ഉത്തരവിലൂടെ സ്പെക്ട്രം അനുവദിക്കാൻ 2023 ഡിസംബറിൽ പാർലമെന്റിൽ ടെലികോം നിയമം പാസാക്കി. ഇതിന് സുപ്രീംകോടതിയിൽനിന്ന് ജുഡീഷ്യൽ അനുമതി വാങ്ങിയെടുക്കുകയും ചെയ്തു.
പുതിയ നിയമത്തിലൂടെ ഉപഗ്രഹ സ്പെക്ട്രത്തിനുള്ള ആദ്യ രണ്ടു കടമ്പകളും കടന്നത് വൺവെബ് ഇന്ത്യ എന്ന കമ്പനിയാണ്. ലണ്ടൻ ആസ്ഥാനമായ യൂടെൽസാറ്റ് വൺവെബിന്റെ ഇന്ത്യൻ ഉപകമ്പനിയാണിത്. യൂടെൽസാറ്റ് വൺവെബിൽ ഏറ്റവും കൂടുതൽ ഓഹരിപങ്കാളിത്തമുള്ളത് ഭാരതി എന്റർപ്രൈസസിനാണ്. 2021 ആഗസ്റ്റ് 24നും 2023 നവംബർ 21നുമാണ് സ്പെക്ട്രം അപേക്ഷക്ക് മുന്നോടിയായുള്ള രണ്ട് അനുമതികൾ വൺവെബ് ഇന്ത്യക്ക് ലഭിച്ചത്.
2023 നവംബർ ഒമ്പതിന് ഭാരതി എയർടെൽ ലിമിറ്റഡ് 100 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങി ബി.ജെ.പിക്ക് കൈമാറിയതായി എസ്.ബി.ഐ സമർപ്പിച്ച രേഖകളിൽനിന്ന് വ്യക്തമാകുന്നു. നവംബർ 13ന് ഈ ബോണ്ടുകൾ ബി.ജെ.പി പണമാക്കി മാറ്റി. എട്ടു ദിവസത്തിനുശേഷം നവംബർ 21ന് വൺവെബ് ഇന്ത്യക്ക് രണ്ടാമത്തെ അനുമതി ലഭിച്ചു.
2024 ജനുവരി 12ന് ഭാരതി എയർടെൽ നൽകിയ 50 കോടിയുടെ ബോണ്ട് കൂടി ബി.ജെ.പി പണമാക്കി മാറ്റി.
2022ൽ ആദ്യ അനുമതി ലഭിച്ച റിലയൻസ് ജിയോ രണ്ടാമത്തെ അനുമതിക്കായി ഇപ്പോഴും കാത്തിരിക്കുമ്പോഴാണ് ഇലക്ടറൽ ബോണ്ടിന്റെ മറവിൽ വൺവെബ് ഇന്ത്യക്ക് രണ്ടു കടമ്പകളും കടക്കാനായതെന്ന് വിലയിരുത്തപ്പെടുന്നു. ഉപഗ്രഹ സ്പെക്ട്രം ഇപ്പോഴും അനുവദിച്ചിട്ടില്ലെങ്കിലും വൻ അഴിമതി ഇതിനു പിന്നിൽ നടന്നുവെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.