ന്യൂഡൽഹി: ബി.ജെ.പി എം.പിയും മൃഗസംരക്ഷണ പ്രവർത്തകയുമായ മനേക ഗാന്ധി ഉന്നയിച്ച ആരോപണത്തെ തുടർന്ന് സംശയനിഴലിലായി ലോകത്തിലെ ഏറ്റവും വലിയ കൃഷ്ണ ഭക്ത സംഘടനയായ ഇസ്‌കോൺ (ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ്). റോഡുകളിലൂടെ 'ഹരേ റാം ഹരേ കൃഷ്ണ' പാടി പോകുന്ന കൃഷ്ണ ഭക്ത സംഘടനയായ ഇസ്കോൺ തങ്ങളുടെ ഗോശാലകളിലെ പശുക്കളെ കശാപ്പുകാർക്ക് വിൽക്കുകയാണ് ചെയ്യുന്നതെന്നായിരുന്നു മനേക ഗാന്ധിയുടെ ആരോപണം. എന്നാൽ, പശുവിറച്ചി തിന്നുന്ന നാടുകളിൽ പോലും തങ്ങൾ ഗോസംരക്ഷണം നടത്താറുണ്ടന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നുമാണ് ഇസ്കോൺ അവകാശപ്പെടുന്നത്.
"ഇസ്കോൺ രാജ്യത്തെ ഏറ്റവും വലിയ ചതിയൻമാരാണ്. അവർ ഗോശാലകൾ പരിപാലിക്കുന്നുവെന്ന പേരിൽ ഭൂമി ഉൾപ്പെടെയുള്ള നിരവധി ആനുകൂല്യങ്ങൾ സർക്കാരിൽ നിന്ന് നേടിയെടുത്തശേഷം പശുക്കളെ കശാപ്പുകാർക്ക് വിൽക്കുകയാണ് ചെയ്യുന്നത്. ആന്ധ്രാപ്രദേശിലെ ഇസ്‌കോണിന്റെ അനന്ത്പൂർ ഗോശാല സന്ദർശിച്ചപ്പോൾ അവിടെ കറവവറ്റിയ ഒറ്റ പശുവോ പശുക്കിടാവോ പോലും ഉണ്ടായിരുന്നില്ല. അതിനർത്ഥം എല്ലാത്തിനെയും വിറ്റഴിച്ചു എന്നാണ്. ഇസ്‌കോൺ അവരുടെ ഗോശാലകളിലെ പശുക്കളെയെല്ലാം കശാപ്പുകാർക്ക് വിൽക്കുന്നു. അവർ ചെയ്യുന്നതുപോലെ രാജ്യത്ത് മറ്റാരും അങ്ങനെ ചെയ്യുന്നില്ല. അവർ റോഡുകളിൽ 'ഹരേ റാം ഹരേ കൃഷ്ണ' പാടി പോകും. അവരുടെ ജീവിതം മുഴുവൻ പാലിനെ ആശ്രയിച്ചാണെന്ന് പറയുകയും ചെയ്യും’ -എന്നായിരുന്നു മനേക ഗാന്ധിയുടെ ആരോപണം.
Here's what BJP MP Maneka Gandhi has to say on #ISKCON and Cow Slaughter. pic.twitter.com/MIC277YByF
— Mohammed Zubair (@zoo_bear) September 26, 2023
എന്നാൽ, മനേക ആരോപിക്കുന്നത് പോലെ തങ്ങൾ പശുക്കളെ കശാപ്പുകാർക്ക് വിൽക്കാറില്ലെന്നും പശുവിറച്ചി പ്രധാന ഭക്ഷണമായ സ്ഥലങ്ങളിൽ പോയലും തങ്ങൾ പശു സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ടെന്നും ഇസ്‌കോൺ പ്രസ്താവനയിൽ പറഞ്ഞു. ‘ഇന്ത്യയിൽ മാത്രമല്ല ആഗോളതലത്തിൽ തന്നെ പശുക്കളുടെയും കാളകളുടെയും സംരക്ഷണത്തിൽ തങ്ങളുടെ മതസംഘടന മുൻപന്തിയിലാണ്. പശുക്കളെയും കാളകളെയും സേവിക്കുന്നവരാണ് ഞങ്ങൾ’ -ഇസ്‌കോൺ ദേശീയ വക്താവ് യുധിഷ്ഠിർ ഗോവിന്ദ ദാസ് പറഞ്ഞു. ഹരേ കൃഷ്ണ പ്രസ്ഥാനം എന്നറിയപ്പെടുന്ന ഇസ്‌കോണിന് ലോകമെമ്പാടും നൂറുകണക്കിന് ക്ഷേത്രങ്ങളും ദശലക്ഷക്കണക്കിന് അനുയായികളുമുണ്ട്.
Response to the unsubstantiated and false statements of Smt Maneka Gandhi.
— Yudhistir Govinda Das (@yudhistirGD) September 26, 2023
ISKCON has been at the forefront of cow and bull protection and care not just in India but globally.
The cows and bulls are served for their life not sold to butchers as alleged. pic.twitter.com/GRLAe5B2n6
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹിയിലെ കൈലാഷിന്റെ കിഴക്ക് ഭാഗത്തുള്ള ഹരേ കൃഷ്ണ ഹിൽസിലുള്ള ഇസ്‌കോൺ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. പ്രത്യേക പൂജകൾക്കും ആരതിക്കും ശേഷം തിരിച്ചുപോകവേ കൃഷ്ണന്റെയും രാധയുടെയും ഛായചിത്രം ക്ഷേത്ര അധികൃതർ അമിത്ഷാക്ക് നൽകിയിരുന്നു. ഇതിന്റെ ചിത്രം എക്സിൽ പോസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.