ന്യൂഡൽഹി: ഹിജാബ് ഇസ്ലാമിന്റെ അവശ്യ മതാനുഷ്ഠാനം അല്ലെന്ന് സ്ഥാപിക്കാൻ ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഇസ്ലാം കാര്യങ്ങൾ തൊട്ട് യൂസുഫലിയുടെ ഖുർആൻ പരിഭാഷ വരെ വിധിപ്രസ്താവത്തിൽ ഉദ്ധരിച്ചു.
ഇസ്ലാം കാര്യങ്ങൾ അഞ്ചാണെന്ന് വ്യക്തമാക്കി അവ കലിമ, നമാസ്, സകാത്, റമദാൻ, ഹജ്ജ് എന്നിവയാണെന്ന് പറയുന്നുണ്ട്. ശരീഅത്ത് പ്രകാരം അല്ലാഹുവിന്റെ ഹുക്മുകൾ ഫർദ്, ഹറാം, മൻദൂബ്, മക്റൂഹ്, ജാഇസ് എന്നിവയാണെന്നും വിശദീകരിച്ച ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഹിജാബ് ഇസ്ലാമിന്റെ അവശ്യ മതാനുഷ്ഠാനമാണോ എന്ന് പരിശോധിക്കാൻ 1937ൽ അബ്ദുല്ല യുസുഫലി രചിച്ച ഖുർആൻ പരിഭാഷയിൽ നിന്ന് അഞ്ച് സൂക്തങ്ങളും ഉദ്ധരിച്ചു.
വിധി പ്രസ്താവത്തിന്റെ വലിയൊരു ഭാഗം ഇത് പരിശോധിക്കാനായി നീക്കിവെച്ച ജസ്റ്റിസ് ഗുപ്തക്ക് ഒടുവിൽ ഹിജാബ് അവശ്യ മതാനുഷ്ഠാനമാണെന്ന് വിശ്വസിക്കുന്ന വിദ്യാർഥികൾ ഉണ്ടെങ്കിൽ തന്നെ ആ വിശ്വാസവും അതിന്റെ ചിഹ്നങ്ങളുമായി ഒരു മതേതര സ്കൂളിലേക്ക് പോകാനാകുമോ എന്നതാണ് തനിക്ക് മുന്നിലെ ചോദ്യം എന്ന് പിന്നീട് പറയേണ്ടിയും വന്നു.
അതേ സമയം ജസ്റ്റിസ് ധുലിയ അതിനൊന്നും മെനക്കെടാതെ ഹിജാബ് അവശ്യ മതാനുഷ്ഠാനമാണോ എന്ന വിഷയമേ കേസിൽ പരിഗണനാർഹമല്ലെന്ന നിലപാട് സ്വീകരിച്ചു. സഞ്ജയ് ഹെഗ്ഡെ, ദേവദത്ത് കാമത്ത്, രാജീവ് ധവാൻ, മീനാക്ഷി അറോറ, ജയ്ന കോത്താരി, സൽമാൻ ഖുർശിദ്, എ.എം. ധർ, കപിൽ സിബൽ, കോളിൻ ഗോൺസാൽവസ്, ആദിത്യ സോന്ധി, യൂസുഫ് മുച്ചാല, ഹുസേഫ അഹ്മദി, ദുഷ്യന്ത് ദവെ, പ്രശാന്ത് ഭൂഷൺ, കിർത്തി സിങ്, ശുഐബ് ആലം, റഹ്മതുല്ല കോട്വാൾ, തുൾസി കെ. രാജ്, മുഹമ്മദ് നിസാമുദ്ദീൻ പാഷ തുടങ്ങിയ പ്രഗല്ഭ അഭിഭാഷകരുടെ വാദം ശരിവെച്ച് ഒരു സ്ത്രീയുടെ തിരഞ്ഞെടുപ്പിനും സ്വകാര്യതക്കുമുള്ള മൗലികാവകാശമാണെന്ന വാദത്തിന് അടിവരയിടുകയും ചെയ്തു.
സോളിസിറ്റർ ജനറൽ തുഷാർ മേത്തയും അഡീഷനൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജുമാണ് കർണാടക സർക്കാറിന്റെ പക്ഷത്തു നിന്ന് വിലക്കിനായി വാദിച്ച പ്രമുഖ അഭിഭാഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.