ആത്മകഥ പിൻവലിക്കുന്നു; കൂടുതൽ വിവാദങ്ങൾ വേണ്ടെന്ന് എസ്. സോമനാഥ്

ന്യൂഡൽഹി: വിവാദമായതോടെ ആത്മകഥ പിൻവലിക്കുന്നുവെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ്. കോപ്പികൾ പിൻവലിക്കണമെന്ന് പ്രസാധകർക്ക് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. എസ്. സോമനാഥിന്‍റെ 'നിലാവ് കുടിച്ച സിംഹങ്ങൾ' എന്ന ആത്മകഥയാണ് പിൻവലിക്കുന്നത്. ആത്മകഥയുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"പുസ്തകം ഇതുവരേക്കും പ്രസിദ്ധീകരിച്ചിട്ടില്ല. ചില റിവ്യൂ കോപ്പികൾ പത്രക്കാർ കണ്ടതായി കരുതുന്നു. അനാവശ്യ വിവാദങ്ങൾ ഉടലെടുത്ത സാഹചര്യത്തിൽ പുസ്തകത്തിന്‍റെ പ്രസിദ്ധീകരണം തത്ക്കാലം പിൻവലിക്കുകയാണ്. പ്രതിസന്ധികളെ തരണം ചെയ്ത് വിജയം കൈവരിക്കാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ആത്മകഥയുടെ ഉദ്ദേശം" - സോമനാഥ് പറഞ്ഞു.

ഉന്നതങ്ങളിലേക്ക് എത്തും തോറും നമ്മൾ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളെ കുറിച്ചാണ് പുസ്തകത്തിൽ പരാമർശിച്ചത്. അതിൽ മുൻ ഐ.എസ്.ആർ.ഒ മേധാവി ഡോ. ശിവൻ എന്നെ തടഞ്ഞെന്നോ തടസപ്പെടുത്തിയെന്നോ പരാമർശിച്ചിട്ടില്ല. ലേഖനത്തിലെ പരാമർശത്തോട് വിയോജിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2018ൽ എ.എസ് കിരൺ കുമാർ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറിയപ്പോൾ കെ. ശിവന്റെ പേരിനൊപ്പം തന്റെ പേരും പട്ടികയിൽ വന്നുവെന്നും എന്നാൽ ശിവനാണ് അന്ന് ചെയർമാനായതെന്നും സോമനാഥ് പറഞ്ഞതായാണ് പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്നത്. 60 വയസു കഴിഞ്ഞ് എക്സ്റ്റൻഷനിൽ തുടരുകയായിരുന്നു ശിവൻ അപ്പോൾ. അന്ന് ചെയർമാൻ സ്ഥാനത്ത് ശിവനാണ് നറുക്ക് വീണത്. ചെയർമാൻ ആയ ശേഷവും ശിവൻ വി.എസ്.എസ്.സി ഡയറക്ടർ സ്ഥാനം കൈവശം വെച്ചു. തനിക്ക് കിട്ടേണ്ട ആ സ്ഥാനത്തേ കുറിച്ച് ചോദിച്ചപ്പോൾ പ്രതികരിക്കാൻ തയാറായില്ല. ഒടുവിൽ വി.എസ്.എസ്.സി മുൻ ഡയറക്ടർ ഡോ. ബി.എൻ. സുരേഷ് ഇടപ്പെട്ടപ്പോഴാണ് ആറു മാസത്തിന് ശേഷമാണെങ്കിലും തനിക്ക് ഡയറക്ടറായി നിയമനം ലഭിച്ചതെന്നും പുസ്തകത്തിൽ പറയുന്നതായാണ് റിപ്പോർട്ട്. വേണ്ടത്ര പരീക്ഷണങ്ങളും അവലോകനങ്ങളും നടത്താതെ തിരക്കിട്ട് വിക്ഷേപിച്ചതാണ് ചന്ദ്രയാൻ 2 ദൗത്യത്തിന്റെ പരാജയത്തിനു കാരണമെന്ന വിമർശനവും പുസ്തകത്തിലുണ്ട്.

Tags:    
News Summary - ISRO Chairman says he is withholding the publication of autobiography

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.