ബംഗളൂരു: മംഗളൂരുവിൽ ഓട്ടോറിക്ഷയിൽ നടന്ന കുക്കർ സ്ഫോടനം മുൻകൂട്ടി ഉണ്ടാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് ആരോപണം. കഴിഞ്ഞ നവംബർ 19നാണ് മംഗളൂരു കങ്കനാടി ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ നാഗോരിക്ക് സമീപം ഓടുന്ന ഓട്ടോറിക്ഷയിൽ സ്ഫോടനം നടന്നത്. പ്രഷർ കുക്കറിൽ സ്ഫോടക വസ്തു ഘടിപ്പിച്ചായിരുന്നു സ്ഫോടനം. ഓട്ടോ യാത്രക്കാരനായ ബംഗളൂരു തീർഥഹള്ളി സ്വദേശി മുഹമ്മദ് ഷാരിഖ് (24) ആണ് പ്രധാന പ്രതി. ഇയാളുടെ കൈയിലെ ബാഗില്‍നിന്നാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് ഡ്രൈവർ പറയുന്നത്. അതേസമയം, കർണാടകയിലെ വോട്ടർമാരുടെ ഡേറ്റ ചോർത്തൽ സംഭവത്തിൽനിന്ന് ജനശ്രദ്ധ തിരിക്കാൻ ബി.ജെ.പി സർക്കാർ സ്ഫോടനം ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാർ വിമർശിച്ചു.
ജനങ്ങളുടെ വികാരത്തെ വോട്ടിനായി ബി.ജെ.പി ചൂഷണം ചെയ്യുകയാണ്. സംഭവമുണ്ടായതിന്റെ പിറ്റേന്ന് അടിയന്തരമായി പൊലീസ് മേധാവിയെ സ്ഥലത്തെത്തിച്ചു. ഭീകരപ്രവർത്തനമാണ് നടന്നതെന്ന് പ്രഖ്യാപിച്ചു. അന്വേഷണം പോലും നടത്താതെയാണ് പൊലീസ് മേധാവി പ്രവീൺ സൂദ് പ്രതിയെ തീവ്രവാദിയായി പ്രഖ്യാപിച്ചത്. മുംബൈ, ഡൽഹി, പുൽവാമ പോലുള്ള ആക്രമണമാണോ മംഗളൂരുവിൽ ഉണ്ടായതെന്നും ശിവകുമാർ ചോദിച്ചു. സ്ഫോടനം ബി.ജെ.പി സർക്കാർ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുകയാണ്. ഭരണപരാജയങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് പരിശ്രമമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോൺഗ്രസിന് എപ്പോഴും ഭീകരവാദികളോട് മൃദുസമീപനമാണെന്ന് ബി.ജെ.പി തിരിച്ചടിച്ചു. സ്ഫോടനം സംബന്ധിച്ച് കേരളത്തിലടക്കം അന്വേഷണം നടന്നിരുന്നു. ആഗോള ഭീകരസംഘടനകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സ്ഫോടനം നടത്തിയതെന്ന് ഉടൻതന്നെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയും പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, സംഭവത്തിൽ കിംവദന്തികൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. കേസന്വേഷണം നവംബർ 30ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) മംഗളൂരു പൊലീസിൽനിന്ന് ഏറ്റെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.