ബി.ബി.സി അഭിമുഖത്തിനിടെ ക്ഷുഭിതനായി ജഗ്ഗി വാസുദേവ്; കാമറ ഓഫ് ചെയ്തു

ചെന്നൈ: 'സദ്ഗുരു' എന്നറിയപ്പെടുന്ന ജഗ്ഗി വാസുദേവ് ബി.ബി.സി തമിഴിന് നൽകിയ അഭിമുഖത്തിനിടെ ക്ഷുഭിതനായി, കാമറ ഓഫ് ചെയ്യാൻ ആവശ്യപ്പെട്ട വിഡിയോ വൈറൽ. ജഗ്ഗി വാസുദേവ് നേതൃത്വം നൽകുന്ന 'ഈഷ ഫൗണ്ടേഷന്‍റെ' പാരിസ്ഥിതിക അനുമതിയുമായി ബന്ധപ്പെട്ട് സി.എ.ജിയുടെ ഗുരുതര ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അസ്വസ്ഥത പ്രകടിപ്പിച്ചത്. മാധ്യമപ്രവർത്തകൻ കെ. സുഭഗുണം ആണ് അഭിമുഖം നടത്തിയത്. ഇതിന്‍റെ വിഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

കോയമ്പത്തൂർ ജില്ലയിലെ ബൂളുവപ്പട്ടി ഗ്രാമത്തിൽ നിർമിച്ച കെട്ടിടങ്ങൾക്ക് മുൻകൂർ അനുമതിയില്ലെന്നും നിർമാണം പൂർത്തിയായി ഏകദേശം മൂന്ന് വർഷത്തിനു ശേഷമാണ് ആവശ്യമായ അനുമതികൾ തേടിയതെന്നും ഈഷ ഫൗണ്ടേഷനെതിരെ 2018-ൽ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

കെട്ടിട നിർമാണത്തിന് പാരിസ്ഥിതിക അനുമതി വാങ്ങിയിരുന്നില്ലെന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് സദ്ഗുരു അക്ഷമനായി പ്രതികരിച്ചത്. നിങ്ങൾ ഇത് എത്ര തവണ ചോദിക്കും?' ഭരണകൂടങ്ങളും നീതിപീഠങ്ങളും ഇക്കാര്യത്തിൽ തങ്ങൾക്കെതിരെ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് പറഞ്ഞ സദ്ഗുരു ഫൗണ്ടേഷൻ ഒരു കൈയേറ്റവും നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി. നിയമവിരുദ്ധ പ്രവർത്തനം നടത്തിയിട്ടുണ്ടെങ്കിൽ സർക്കാർ നടപടി എടുത്തോളുമെന്നും താങ്കൾക്ക് ഇതിൽ കാര്യമില്ലെന്നും പറഞ്ഞ് അദ്ദേഹം കാമറകൾ ഓഫ് ചെയ്യാനാവശ്യപ്പെട്ട് അഭിമുഖം പാതിയിൽ അവസാനിപ്പിക്കുകയായിരുന്നു.

അതിനിടെ സദ്ഗുരുവിനൊപ്പം ഉണ്ടായിരുന്നവർ മൂന്ന് കാമറകളുടെ റെക്കോർഡിങ് അവസാനിപ്പിക്കാൻ ബലപ്രയോഗവും നടത്തി.

Tags:    
News Summary - Jaggi Vasudev angry over BBC interview; The camera is off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.