ന്യൂഡൽഹി: രാജ്യത്ത് മുസ്ലിംകൾക്കെതിരെ വർധിച്ചുവരുന്ന വിദ്വേഷ പ്രസംഗങ്ങളിലും ആക്രമണങ്ങളിലും ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജംഇയ്യത്തു ഉലമായെ ഹിന്ദ് സുപ്രിംകോടതിയില്‍ ഹരജി നൽകി. ഹരിദ്വാറിലെ ധർമ സൻസദിൽ ഉയർന്ന വംശഹത്യ ആഹ്വാനം, ഗുരുഗ്രാമിലെ ജുമുഅ പ്രാർഥന തടസ്സപ്പെടുത്തൽ, ത്രിപുര ആക്രമണം തുടങ്ങി 2018 മുതലുള്ള സംഭവങ്ങൾ ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വിദ്വേഷ അതിക്രമങ്ങള്‍ സംബന്ധിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കണം, വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടി സംബന്ധിച്ച് സംസ്ഥാനങ്ങളില്‍നിന്ന് റിപ്പോര്‍ട്ട് തേടണം, മുസ്ലിംകള്ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം എന്നീ ആവശ്യങ്ങൾ ഹരജിയിൽ ഉന്നയിച്ചു. സംഘടിത ശക്തികൾ ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെച്ച് ഇസ്ലാമോഫോബിയക്ക് കാരണമാകുന്ന വിദ്വേഷപ്രസംഗങ്ങള്‍ നടത്തുന്നതും ന്യൂനപക്ഷ വിഭാഗങ്ങളുടെ ആരാധനാലയങ്ങൾ ആക്രമിക്കുന്നതും ആശങ്കയുണ്ടാക്കുന്നതാണെന്ന് ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കി.
യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് വിദ്വേഷ രാഷ്ട്രീയം പ്രയോഗിക്കുന്നത്, പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ. രാജ്യത്തെ ജനങ്ങൾ ഈ വഞ്ചന തിരിച്ചറിയുമെന്നും ശനിയാഴ്ച ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി നേതാക്കാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.