ന്യൂഡൽഹി: പ്രതിപക്ഷ സഖ്യം മന്ത്രിസഭയുണ്ടാക്കുന്നത് തടയാൻ ഗവർണറെ ചട്ടുകമാക്കി ജമ്മു-കശ്മീർ നിയമസഭ പിരിച്ചുവിട്ട മോദി സർക്കാറിന് രൂക്ഷ വിമർശനം. ബി.ജെ.പിയും കേന്ദ്രവും സംസ്ഥാന ഗവർണറും മുഖം രക്ഷിക്കാൻ തൊടുന്യായങ്ങളിൽ തൂങ്ങി. അതേസമയം, കടുത്ത ഭരണഘടന ലംഘനം കോടതികയറാൻ ഇടയില്ല.
പുതിയ സർക്കാർ രൂപവത്കരിക്കാൻ പി.ഡി.പി നേതാവ് മഹ്ബൂബ മുഫ്തി അവകാശവാദം ഉന്നയിച്ച് കത്ത് തയാറാക്കിയെങ്കിലും ഗവർണർ സത്യപാൽ മാലികിന് ഫാക്സ് ചെയ്യാൻ സാധിച്ചില്ല. ഗവർണറെ ഫോണിലും കിട്ടിയില്ല. ഇൗ സൂത്രവിദ്യ കൊണ്ടാണ് നിയമസഭ പിരിച്ചുവിടാനുള്ള പഴുത് ഗവർണറും കേന്ദ്രവും ഉണ്ടാക്കിയത്. രാജ്ഭവനിൽ ഫാക്സ് പ്രവർത്തിച്ചില്ലെന്ന മുടന്തൻ ന്യായം ഉയർത്താൻ ഗവർണർക്ക് മടിയുണ്ടായില്ല. നബിദിന അവധിയായിരുന്നതിനാൽ ഭക്ഷണം തരാൻപോലും ആളുണ്ടായില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.
മുഫ്തിക്ക് നാഷനൽ കോൺഫറൻസും കോൺഗ്രസും വാക്കാൽ പിന്തുണയാണ് കൊടുത്തത്. നേതാക്കളെ നേരിട്ട് രാജ്ഭവനിൽ എത്തിക്കാൻ സാവകാശം കിട്ടുന്നതിനു മുേമ്പ ബി.ജെ.പിയും ഗവർണറും അവരുടെ പണി പൂർത്തിയാക്കി. നിയമസഭ പിരിച്ചുവിട്ട ഉത്തരവ് ഇറങ്ങി. അതിനൊന്നും ഫാക്സും അവധിയും തടസ്സമായതുമില്ല. ജനാധിപത്യത്തിെൻറ കഴുത്തു ഞെരിച്ചുവെന്ന് കുറ്റപ്പെടുത്തുേമ്പാൾ തന്നെ, ഗവർണറുടെ നടപടിക്കെതിരെ കോടതികയറാൻ മൂന്ന് പ്രതിപക്ഷ പാർട്ടികളും ആവേശം കാണിക്കുന്നില്ല.
അവകാശവാദം ഉന്നയിച്ച പി.ഡി.പിയാണ് മുൻകൈയെടുക്കേണ്ടതെന്ന് നാഷനൽ കോൺഫറൻസും കോൺഗ്രസും പറയുന്നു. നിയമസഭ പിരിച്ചുവിട്ടതിനു മുമ്പ് അവകാശവാദ രേഖ ഗവർണറുടെ ഒാഫിസിൽ എത്തിക്കാൻ കഴിയാതെ പോയ പി.ഡി.പിക്കാകെട്ട, നിയമനടപടിക്ക് രേഖാപരമായ പിൻബലമില്ല. രാഷ്ട്രീയ എതിരാളികൾക്ക് സർക്കാർ രൂപവത്കരണത്തിന് അവസരം കൊടുക്കാതിരിക്കാൻ ഏതറ്റംവരെയും പോകുമെന്ന് ബി.ജെ.പി തെളിയിച്ചു. സർക്കാർ ഉണ്ടാക്കാൻ പറ്റിയില്ലെങ്കിൽകൂടി, െഎക്യവും ആവേശവും ഉണ്ടാക്കാൻ ഇതിനിടയിൽ പ്രതിപക്ഷത്തിന് സാധിച്ചു. തെരഞ്ഞെടുപ്പിൽ മൂന്നു പാർട്ടികളും ഒന്നിച്ചുനിൽക്കാൻ ഇടയില്ല. പക്ഷേ, ബി.ജെ.പിക്ക് ഏറിയാൽ രണ്ട് അംഗങ്ങളുള്ള സജാദ് ലോണിെൻറ പീപ്ൾസ് കോൺഫറൻസിനെ കിട്ടിയെന്നു വരുമെന്ന അവസ്ഥയുമായി.
ബി.ജെ.പിയും പി.ഡി.പിയും ഒന്നിച്ചു വന്നതിനേക്കാൾ പ്രയാസമാണ് ജമ്മു-കശ്മീരിൽ പി.ഡി.പിയും നാഷനൽ കോൺഫറൻസും സഖ്യമായി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അസ്ഥിരത മാറ്റാൻ ഒരു വഴിയുണ്ടാക്കുക മാത്രമാണ് പുറംപിന്തുണയിലൂടെ ഉദ്ദേശിച്ചതെന്ന് ഉമർ അബ്ദുല്ല വ്യക്തമാക്കുകയും ചെയ്തു. കോൺഗ്രസാകെട്ട, ലക്ഷ്യമിട്ടത് ഡൽഹിയിലെ പ്രതിപക്ഷ െഎക്യമാണ്. പിളർപ്പിെൻറ വക്കിലേക്കു നീങ്ങിയ പി.ഡി.പിക്ക് പിടിച്ചുനിൽക്കാനായി. പകുതിയോളം എം.എൽ.എമാർ സജാദ് ലോണിനു പിന്നാലെ പോയേക്കാമെന്ന സ്ഥിതിയെ അതിജീവിക്കാൻ മുഫ്തിക്ക് കഴിഞ്ഞു. തെരഞ്ഞെടുപ്പു വരുേമ്പാൾ അവരവരുടെ ശക്തി പരീക്ഷിക്കുന്നതിലേക്കാണ് ഒാരോ പാർട്ടിയും എത്തുന്നത്.
നടപടി സംസ്ഥാന താൽപര്യം മുൻനിർത്തി –ഗവർണർ
ജമ്മു: ജമ്മു-കശ്മീർ നിയമസഭ പിരിച്ചുവിട്ടത് സംസ്ഥാന താൽപര്യം മുൻനിർത്തിയാണെന്ന് ഗവർണർ സത്യപാൽ മലിക് പറഞ്ഞു. നടപടി ഭരണഘടനാപരമായാണ് സ്വീകരിച്ചത്. കുതിരക്കച്ചവടങ്ങൾ അരങ്ങുതകർക്കുന്ന സാഹചര്യമുണ്ടായി. അത്തരം മാർഗങ്ങളിലൂടെ സർക്കാർ രൂപവത്കരിക്കുന്നത് അനുവദിക്കാനാകില്ല. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വഴി സർക്കാർ അധികാരത്തിൽ വരണമെന്നും അദ്ദേഹം വാർത്താലേഖകരോട് പറഞ്ഞു. ആശയപരമായി എതിർപക്ഷത്തുള്ള രാഷ്ട്രീയ പാർട്ടികൾക്ക് ഒരുമിച്ച് സർക്കാർ ഉണ്ടാക്കാനാകില്ല. കേന്ദ്ര നിർദേശം നടപ്പാക്കുകയാണ് ചെയ്തതെന്ന ആരോപണം ശരിയല്ല. അങ്ങനെയാണെങ്കിൽ, ബി.ജെ.പിയെയും പീപ്ൾസ് കോൺഫറൻസിനെയും സർക്കാറുണ്ടാക്കാൻ ക്ഷണിക്കുമായിരുന്നു. ഇൗ വിഷയത്തിൽ കോടതിയെ സമീപിക്കണമെന്നുള്ളവർക്ക് അങ്ങനെ ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.