ന്യൂഡൽഹി: അധികാരമേറ്റതിന് ശേഷമുള്ള തന്റെ ആദ്യ ഇന്ത്യാ സന്ദർശനത്തിന് ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇന്നെത്തും. ഉഭയകക്ഷി ചർച്ചകൾക്ക് പുറമെ 14-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും. രണ്ട് ദിവസം ന്യൂ ഡൽഹിയിൽ തങ്ങുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുക്രെയ്ൻ യുദ്ധവും ചർച്ച ചെയ്യും. ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടി 2018 ഒക്ടോബറിൽ ടോക്കിയോയിലാണ് അവസാനമായി നടന്നത്. യുക്രെയ്ൻ പ്രതിസന്ധിക്കിടെ കിഷിദയുടെ ഇന്ത്യാ സന്ദർശനത്തിന് മാധ്യമങ്ങൾ ഏറെ പ്രാധാന്യം നൽകുന്നുണ്ട്.
ഇന്തോ-പസഫിക് മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇരുപക്ഷത്തിനും വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യുന്നതിനും ശക്തിപ്പെടുത്തുന്നതിനും പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുന്നതിനും ഉച്ചകോടി അവസരം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
വിവിധ പദ്ധതികളിൽ പൊതു-സ്വകാര്യ പങ്കാളിത്തം ഉൾപ്പെടുന്ന ഇന്ത്യക്കായി ജപ്പാൻ 3.5 ട്രില്യൺ യെൻ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു.
നിലവിൽ 1455 ജാപ്പനീസ് കമ്പനികളാണ് ഇന്ത്യയിൽ ഉള്ളത്. ഏറ്റവും കൂടുതൽ ജാപ്പനീസ് കമ്പനികൾക്ക് ആതിഥേയത്വം വഹിക്കുന്ന രാജസ്ഥാനിലെ നീമ്രാനയും ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയും ഉൾപ്പെടെ പതിനൊന്ന് ജപ്പാൻ ഇൻഡസ്ട്രിയൽ ടൗൺഷിപ്പുകൾ സ്ഥാപിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.