ബംഗളൂരു: ജെ.ഡി.എസ് എം.എൽ.എമാരെ ഒരുമിച്ച് ഹാസനിലെത്തിച്ച് സംസ്ഥാന പ്രസിഡന്റും മുൻമുഖ്യമന്ത്രിയുമായ കുമാരസ്വാമിയുടെ റിസോർട്ട് മോഡൽ രാഷ്ട്രീയനീക്കം. എം.എൽ.എമാരെ ചാക്കിടാൻ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ ശ്രമം നടത്തുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണിത്. 19 എം.എൽ.എമാരിൽ 18 പേരെയും ഹാസനിലെ പ്രസിദ്ധമായ ഹാസനമ്പ ക്ഷേത്രത്തിലാണ് എത്തിച്ചത്.
ഹാസനിലെ ഹാസനമ്പ ക്ഷേത്രം വർഷത്തിൽ ഒരു തവണ മാത്രമെ തുറക്കാറുള്ളൂ. ബുധനാഴ്ചത്തെ യോഗത്തിനു ശേഷമാണ് എം.എൽ.എമാരെ ക്ഷേത്രത്തിലേക്ക് കുമാരസ്വാമി കൊണ്ടുവന്നത്. എം.എൽ.എമാർ ഒറ്റക്കെട്ടാണെന്നും പാർട്ടി ശക്തമാണെന്നും കാണിക്കുകയാണ് ലക്ഷ്യം. അതേസമയം, ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണിയിൽ ചേർന്ന ജെ.ഡി.എസ് തീരുമാനത്തെ എതിർക്കുന്ന ഗുർമിത്കൽ മണ്ഡലം എം.എൽ.എ ശരണഗൗഡ കണ്ടകുർ യോഗത്തിൽ പങ്കെടുത്തില്ല.
ജെ.ഡി.എസ് എം.എൽ.എമാരടക്കം ഉടൻ കോൺഗ്രസിൽ ചേരുമെന്ന് അടുത്തിടെ ഡി.കെ. ശിവകുമാർ പറഞ്ഞിരുന്നു. ഇദ്ദേഹവും സഹോദരനായ ബംഗളൂരു റൂറൽ എം.പി ഡി.കെ. സുരേഷും ജെ.ഡി.എസ് എം.എൽ.എമാരെ വിവിധ വാഗ്ദാനങ്ങൾ നൽകി സമീപിക്കുന്നതായി ആരോപണം ഉയർന്നിരുന്നു . ഇതിനിടെയാണ് കുമാരസ്വാമിയുടെ നീക്കം. ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസിന് മേൽക്കൈ നേടാനാണ് മറ്റ് പാർട്ടികളിലെ എം.എൽ.എമാരെ പാർട്ടിയിലേക്ക് എത്തിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നതത്രേ. ചൊവ്വാഴ്ച രാത്രി കുമാരസ്വാമി ജെ.ഡി.എസ് എം.എൽ.എമാരുടെ യോഗം വിളിച്ചിരുന്നു. ഓരോ എം.എൽ.എമാരെയും പ്രത്യേകം കണ്ട് എല്ലാവരുടെയും ആശങ്കകളും പ്രശ്നങ്ങളും ചോദിച്ചറിയുകയും ചെയ്തു. ബി.ജെ.പിയുമായുള്ള സഖ്യത്തിൽ എതിർപ്പുള്ള എം.എൽ.എമാരുമായി സംസാരിച്ച് പ്രശ്നങ്ങൾ തീർക്കാനും ശ്രമം നടത്തുന്നുണ്ട്.
യോഗത്തിൽ പങ്കെടുക്കാതിരുന്ന ശരണഗൗഡ കണ്ടകുറുമായി സംസാരിക്കുമെന്നും അദ്ദേഹം കുടുംബാംഗത്തെ പോലെയാണെന്നും പ്രശ്നം പരിഹരിക്കുമെന്നും ഹാസനിൽ കുമാരസ്വാമി മാധ്യമപ്രവർത്തകരോട് പറഞ്ഞു.തങ്ങളുടെ എം.എൽ.എമാരെ ചാക്കിടാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ശിവകുമാറും ശ്രമിക്കുകയാണ്. അടുത്തിടെ മുഖ്യമന്ത്രി 15 മന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു.
ബി.ജെ.പി, ജെ.ഡി.എസ് എം.എൽ.എമാരെ കോൺഗ്രസിൽ എത്തിക്കാനായി മുന്നിട്ടിറങ്ങണമെന്ന നിർദേശമാണ് ഈ യോഗത്തിൽ മന്ത്രിമാർക്ക് നൽകിയത്. സ്വന്തം എം.എൽ.എമാരിൽ പലരും ബി.ജെ.പി അനുഭാവമുള്ളവരായതിനാൽ അവർ വിട്ടുപോകുമെന്ന് കോൺഗ്രസ് ഭയപ്പെടുന്നുണ്ട്. ഇതിനാലാണ് മറ്റ് പാർട്ടി എം.എൽ.എമാരിൽ കണ്ണുവെക്കുന്നത്. കോൺഗ്രസ് സർക്കാർ അഴമതി സർക്കാറാണെന്നും ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിലടക്കം സംസ്ഥാനവ്യാപകമായി വൻ അഴിമതിയാണ് നടക്കുന്നതെന്നും കുമാരസ്വാമി കുറ്റപ്പെടുത്തി. അതേസമയം, ജെ.ഡി.എസ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതിൽ നിരാശനാണെന്നും ഇത് പാർട്ടി യോഗത്തിൽ ഉന്നയിക്കുമെന്നും ഗുർമിത്കൽ എം.എൽ.എയായ ശരണഗൗഡ കണ്ടകുർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.