ബിഹാറിൽ ജെ.ഡി.യു തെരഞ്ഞെടുപ്പ്​ റാലിക്കിടെ സ്​റ്റേജ്​ തകർന്നു; നിരവധി പേർക്ക്​ പരിക്ക്​

പാട്​ന: ബിഹാറിലെ സോൻപൂരിൽ ജെ.ഡി.യുവി​െൻറ തെരഞ്ഞെടുപ്പ്​ പ്രചാരണ റാലിക്കിടെ സ്​റ്റേജ്​ തകർന്ന്​ വീണ്​ നേതാക്കൾ ഉൾപ്പെടെ നിരവധിപേർക്ക്​ പരിക്ക്​. സാരൺ ജില്ലയിലെ സോൻപുർ മണ്ഡലത്തിൽ മത്സരിക്കുന്ന ജെ.ഡി.യു നേതാവ്​ ചന്ദ്രിക റായിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ്​ സംഭവം. സ്​റ്റേജിൽ ഒരുപാട്​ ആളുകൾ കയറിയതോടെയാണ്​ തകർന്നുവീണത്​. ആരുടെയും പരിക്ക്​ ഗുരുതരമല്ല.

ചന്ദ്രിക റായ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ബി.ജെ.പി നേതാവ്​ രാജീവ്​ പ്രതാപ്​ റൂഡി ഉൾപ്പെടെയുള്ള നേതാക്കൾ അണിനിരന്ന പ്രചാരണ റാലി സോൻപൂരിൽ നടന്നത്​.

രാജീവ്​ പ്രതാപ്​ റൂഡി പ്രസംഗിച്ച ശേഷം റായ്​ പ്രസംഗിക്കാൻ എഴുന്നേറ്റതോടെ അദ്ദേഹത്തിന്​ മാലയിടാൻ നിരവധി അനുയായികൾ സ്​റ്റേജിലേക്ക്​ കയറുകയായിരുന്നു. തിരക്കേറിയതോടെ സ്​റ്റേജ്​ പൊളിഞ്ഞ്​ വീഴുകയായിരുന്നു.

നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പരിപാടിയിൽ കോവിഡ്​ പ്രോട്ടോക്കോളുകളൊന്നും പാലിച്ചിരുന്നില്ല. സാമൂഹ്യ അകലം പാലിക്കുകയോ വേദിയിലുള്ള നേതാക്കകൾ ഉൾപ്പെടെയുള്ളവർ മാസ്​ക്​ ധരിക്കുകയോ ചെയ്​തിരുന്നില്ല. മാനദണ്ഡങ്ങൾ ഒന്നും ​പാലിക്കാതെ പോലീസുകാരും വേദിയിലും പരിസരത്ത​ുമുള്ളതും ദൃശ്യങ്ങളിൽ കാണാം.

ആർ‌.ജെ‌.ഡി നേതാവ് തേജ് പ്രതാപ് യാദവിൻെറ ഭാര്യപിതാവാണ്​ ചന്ദ്രികാ റായ്​. 2018 ലാണ്​ തേജ്​ പ്രതാപും റായുടെ മകൾ ഐശ്വര്യയും തമ്മിലുള്ള വിവാഹം നടന്നത്​. കഴിഞ്ഞ വർഷം ഇവർ ​വിവാഹമോചനത്തിന്​ ​അപേക്ഷ നൽകുകയും ചെയ്​തിരുന്നു.

കഴിഞ്ഞ ആർ‌.ജെ‌.ഡി സർക്കാരുകളിൽ മന്ത്രിയായിരുന്ന റായ് ആഗസ്​റ്റിൽ പാർട്ടി വിട്ട് ജെ.ഡി.യുവിൽ ചേരുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.