ജയിൽ മോചിതനായ ഹേമന്ത് സോറന് വൻ സ്വീകരണം; വൈകാരിക ദിനമെന്ന് കൽപന സോറൻ

റാഞ്ചി: അനധികൃത ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഹൈകോടതി ജാമ്യം അനുവദിച്ച ഝാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) എക്സിക്യൂട്ടീവ് പ്രസിഡന്റും ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ ജയിൽ മോചിതനായി. റാഞ്ചിയിലെ ബിർസ മുണ്ട ജയിലിന് പുറത്തുവന്ന ഹേമന്ത് സോറനെ ഭാര്യ കൽപന സോറനും ജെ.എം.എം നേതാക്കളും ചേർന്ന് സ്വീകരിച്ചു.

വൈകാരിക ദിനമാണെന്നും കോടതിക്കും നീതിന്യായവ്യവസ്ഥക്കും നന്ദി പറയുന്നതായി കൽപന സോറൻ വ്യക്തമാക്കി. അഴിമതിക്കേസിൽ അറസ്റ്റിലായി അഞ്ച് മാസത്തിന് ശേഷമാണ് ഹേമന്ത് സോറന് ഝാർഖണ്ഡ് ഹൈകോടതി ജാമ്യം അനുവദിച്ചത്. നേരത്തെ, ഝാർഖണ്ഡ് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പിൽ പ​ങ്കെടുക്കാൻ കോടതി സോറന് അനുമതി നൽകിയിരുന്നു.

ജനുവരി 31നാണ് ഹേമന്ത് സോറനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തത്. ഇ.ഡി അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് സോറൻ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. അതിനിടെ നേതാവിന് ജാമ്യം ലഭിച്ചത് ജെ.എം.എമ്മിന് വലിയ ആശ്വാസം നൽകിയിട്ടുണ്ട്.

വ്യാജരേഖ ചമച്ച് ആദിവാസിഭൂമി തട്ടിയെടുത്തു, ഖനനവകുപ്പിന്റെ ചുമതല ദുരുപയോഗം ചെയ്ത് റാഞ്ചിയിൽ 8.86 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം മൂന്ന് കേസുകളാണ് ഇ.ഡി ഹേമന്ത് സോറനെതിരെ രജിസ്റ്റർ ചെയ്തത്. ഭൂമിയിടപാടിൽ സോറന് പങ്കുണ്ടെന്നതിന് ദൃക്സാക്ഷികളുണ്ടെന്നായിരുന്നു ഇ.ഡിയുടെ വാദം.

Tags:    
News Summary - Jharkhand: Hemant Soren released from Birsa Munda Jail after HC bail order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.