ജമ്മു: രാജ്യദ്രോഹ ലേഖനം എഴുതി പ്രസിദ്ധീകരിച്ചുവെന്ന് ആരോപിച്ച് ജമ്മു-കശ്മീരിൽ മാധ്യമപ്രവർത്തകനെതിരെയും സർവകലാശാല ഗവേഷകനെതിരെയും പ്രത്യേക കോടതി കുറ്റം ചുമത്തി. സംസ്ഥാന അന്വേഷണ ഏജൻസി (എസ്.ഐ.എ) അന്വേഷിച്ച് കുറ്റപത്രം നൽകിയ കേസിലാണ് അറസ്റ്റിലായ മാധ്യമപ്രവർത്തകൻ പീർസാദ ഫഹദ് ഷാ, കശ്മീർ സർവകലാശാല ഗവേഷകൻ അബ്ദുൽ അല ഫാസിലി എന്നിവർക്കെതിരെ, എൻ.ഐ.എ ആക്ട് പ്രകാരം നിയമിക്കപ്പെട്ട പ്രത്യേക ജഡ്ജി അശ്വനി കുമാർ വ്യാഴാഴ്ച കുറ്റം ചുമത്തിയത്.
യു.എ.പി.എ, ഭീകരവാദ പ്രവർത്തനത്തിന് പ്രോത്സാഹനം നൽകൽ, ഇന്ത്യൻ സർക്കാറിനെതിരെ യുദ്ധംചെയ്യാൻ പ്രേരിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
ദ കശ്മീർ വാല എന്ന വാർത്ത വെബ്സൈറ്റിൽ ‘ദ ഷേക്ൾസ് ഓഫ് സ്ലേവറി വിൽ ബ്രെയ്ക്’ എന്ന തലക്കെട്ടിൽ ഫാസിലി എഴുതിയ ലേഖനത്തിനെതിരെ കഴിഞ്ഞ വർഷം ഏപ്രിലിലാണ് എസ്.ഐ.എ കേസെടുത്തത്. പീർസാദ ഫഹദ് ഷാ ആണ് പോർട്ടലിന്റെ ചീഫ് എഡിറ്ററും ഡയറക്ടറും.
‘‘വിഘടനവാദ അന്തരീക്ഷം സൃഷ്ടിക്കാനും ഭീകരവാദം പ്രോത്സാഹിപ്പിക്കാനുമായി ഇരുവരും പാകിസ്താന്റെ സഹായത്തോടെ ഡിജിറ്റൽ പ്ലാറ്റ്ഫോം സൃഷ്ടിക്കുകയായിരുന്നു. ഭീകരവാദ സംഘടനകളുടെയും മറ്റും സഹായത്തോടെ ഇന്ത്യവിരുദ്ധ പ്രചാരണം നടത്താൻ ഇവർ പദ്ധതി ആവഷ്കരിക്കുകയായിരുന്നു’’ -അന്വേഷണ ഏജൻസി ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.