ന്യൂഡൽഹി: ജമ്മു കശ്മീർ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിൽ കഴിഞ്ഞ വർഷം മാധ്യമ പ്രവർത്തകർക്കും മാധ്യമസ്ഥാപനങ്ങൾക്കുമെതിരായ ആക്രമണങ്ങൾ കൂടിയതായി റിപ്പോർട്ട്. ന്യൂഡൽഹി ആസ്ഥാനമായ മനുഷ്യവകാശ സംഘടനയായ റൈറ്റ്‌സ് ആൻഡ് റിസ്‌ക് അനാലിസിസ് ഗ്രൂപ്പാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
റിപ്പോർട്ട് പ്രകാരം രാജ്യത്തുടനീളം കഴിഞ്ഞ വർഷം ആറ് മാധ്യമപ്രവർത്തകർ കൊല്ലപ്പെടുകയും 108 പേർ ആക്രമിക്കപ്പെടുകയും 13 മാധ്യമ സ്ഥാപനങ്ങൾക്കും പത്രങ്ങൾക്കുമെതിരെ ഭീഷണികളുണ്ടാവുകയും ചെയ്തിട്ടുണ്ട്.
റൈറ്റ്‌സ് ആൻഡ് റിസ്‌ക് അനാലിസിസ് ഗ്രൂപ്പിന്‍റെ ഇന്ത്യ പ്രസ് ഫ്രീഡം റിപ്പോർട്ട് അനുസരിച്ച് മാധ്യമ പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ കൂടിയ സംസ്ഥാനങ്ങളിലെ കണക്കുകൾ യഥാക്രമം ജമ്മു കശ്മീർ (25), ഉത്തർപ്രദേശ് (23), മധ്യപ്രദേശ് (16), ത്രിപുര (15), എന്നിങ്ങനെയാണ്.ഡൽഹി (8), ബിഹാർ (6), അസം (5),ഹരിയാന, മഹാരാഷ്ട്ര (4 ), ഗോവ, മണിപ്പൂർ (3 ), കർണാടക, തമിഴ്‌നാട്, പശ്ചിമ ബംഗാൾ (2 ), ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, കേരളം (1 ) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകൾ.
രാജ്യത്ത് കഴിഞ്ഞ വർഷം എട്ട് വനിതാ മാധ്യമപ്രവർത്തകർ അറസ്റ്റുചെയ്യപ്പെട്ടതായും റിപ്പോർട്ട് സൂചിപ്പിച്ചു. ജമ്മു കശ്മീർ, ത്രിപുര അടക്കമുള്ള സംസ്ഥാനങ്ങളിലെ മാധ്യമപ്രവർത്തകർക്കെതിരെയുള്ള വ്യാപകമായ ആക്രമണങ്ങൾ രാജ്യത്തെ ആവിഷ്കാരസ്വാതന്ത്രം തകരുന്നതിന്‍റെ സൂചനയാണെന്നും മാധ്യമസ്വാതന്ത്രത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും ആർ.ആർ.എ.ജിയുടെ ഡയറക്ടറായ സുഹാസ് ചക്മ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.