ന്യൂഡല്‍ഹി: അഫ്സല് ഗുരു അനുസ്മരണ പരിപാടിയിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് വിദ്യാർഥികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സ്വീകരിച്ച അച്ചടക്ക നടപടി ജെ.എൻ.യു അപ്പേലറ്റ് അതോറിറ്റി ശരിവെച്ചു. ജെ.എൻ.യു സ്റ്റുഡൻറ്സ് യൂനിയൻ മുൻ പ്രസിഡൻറ് കനയ്യ കുമാർ, ഉമർ ഖാലിദ് എന്നിവർക്കെതിരായ അച്ചടക്ക നടപടികളാണ് അതോറിറ്റി ശരിവെച്ചത്. ഉമർഖാലിദിനെ ഒരു സെമസ്റ്ററിൽ നിന്ന് നീക്കം ചെയ്യുകയും 20,000 രൂപ പിഴയും ചുമത്തുകയും കനയ്യകുമാറിന് 10,000 രൂപ പിഴയും ചുമത്തുകയുമാണ് അച്ചടക്ക സമിതി ചെയ്തത്.
2016 ഫെബ്രുവരി ഒമ്പതിന് സർവകലാശാലയിൽ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് കനയ്യ കുമാർ, ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ എന്നിവരടക്കം 15 പേർക്കെതിരെ ജെ.എൻ.യു അച്ചടക്ക സമിതി സ്വീകരിച്ച അച്ചടക്ക നടപടിക്കെതിരെ വിദ്യാർഥികൾ ഡൽഹി ഹൈകോടതിയെ സമീപിച്ചിരുന്നു. തുടർന്ന് നടപടി റദ്ദാക്കിയ ജഡ്ജി വി.കെ. റാവു, വിദ്യാർഥികളുടെ വാദം കേൾക്കുകയും റെക്കോഡുകൾ പരിശോധിക്കാൻ അവസരം നൽകുകയും ചെയ്ത ശേഷം ആറാഴ്ചക്കകം വിഷയത്തിൽ പുതിയ തീരുമാനമെടുക്കാൻ അപ്പേലറ്റ് അതോറിറ്റിക്ക് നിർദേശം നൽകി.
കനയ്യ കുമാർ, ഉമർ ഖാലിദ് എന്നിവരെ കൂടാതെ മുജീബ് ഗാട്ടൂ, അനിബർ ഭട്ടാചാര്യ എന്നിവരടക്കം 14 പേർക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. മുജീബ് ഗാട്ടുവിനെ രണ്ട് സെമസ്റ്ററിലേക്ക് ക്യാമ്പസില്‍ നിന്നു പുറത്താക്കി. അശുതോഷിന് ജെ.എന്‍.യു. ഹോസ്റ്റലില്‍ ഒരു വര്‍ഷത്തേക്ക് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പാർലമെൻറ് ആക്രമണ കേസിൽ അഫ്സൽ ഗുരു തൂക്കിലേറ്റപ്പെട്ടതുമായി ബന്ധപ്പെട്ട് സർവകലാശാലയിൽ നടന്ന പരിപാടിയിൽ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചെന്ന് ആരോപിച്ചാണ് വിദ്യാർഥികൾക്കെതിരെ സർവകലാശാല അച്ചടക്ക നടപടി സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട പൊലീസ് കേസിൽ കനയ്യ കുമാർ, ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവർക്ക് ജാമ്യം അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.