ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര പൂർത്തിയായി ഒരു വർഷത്തിനുശേഷം ഭാരത് ജോഡോ ന്യായ് യാത്രയുമായി കോൺഗ്രസ് ലക്ഷ്യമിടുന്നത് ഹിന്ദി ഹൃദയഭൂമി. മണിപ്പൂരടക്കം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ന്യായ് യാത്ര ചലനമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. രണ്ടു മാസങ്ങൾക്കപ്പുറം ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് രാഹുൽ രണ്ടാം യാത്രക്ക് ഞായറാഴ്ച മണിപ്പൂരിൽ തുടക്കമിട്ടത്. വോട്ടുതേടിയുള്ളതല്ല, ആശയപരമായ യാത്രയാണെന്ന് കോൺഗ്രസ് ആവർത്തിക്കുന്നുണ്ടെങ്കിലും വോട്ടുരാഷ്ട്രീയവും ചർച്ചയാകുമെന്നുറപ്പാണ്.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പുകളിലെ പാർട്ടിയുടെ പരാജയത്തിനു പിന്നാലെയാണ് ഹിന്ദി ഹൃദയഭൂമിക്ക് പ്രാധാന്യമേകിയുള്ള രാഹുലിന്റെ പ്രയാണം. യാത്ര കടന്നുപോകുന്ന 100 ലോക്സഭ മണ്ഡലങ്ങളിൽ 58ഉം ഹിന്ദി മേഖലയിലൂടെയാണ്. യു.പിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസിയടക്കം ബി.ജെ.പി ശക്തികേന്ദ്രങ്ങളായ 28 ലോക്സഭ മണ്ഡലങ്ങളും ഇതിൽപെടും. അതേസമയം, ഇൻഡ്യ മുന്നണിയിലെ കക്ഷിയായ സമാജ്വാദി പാർട്ടിക്ക് സ്വാധീനമുള്ള മണ്ഡലങ്ങൾ പലതും യാത്രാറൂട്ടിൽനിന്ന് ഒഴിവാക്കി. കനൗജ്, ഇറ്റാവ, അഅ്സംഗഢ്, മെയ്ൻപുരി, ഫിറോസാബാദ് എന്നിവിടങ്ങളിൽ യാത്രയില്ല. റാംപുർ, സാംഭൽ, ബദൗൻ എന്നീ സമാജ്വാദി പാർട്ടി സ്വാധീന മേഖലകളിലൂടെ മാത്രം യാത്ര കടന്നുപോകും. കഴിഞ്ഞ രണ്ടു ലോക്സഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ക്ഷീണമുണ്ടായ യു.പിയിൽ 11 ദിവസമാണ് യാത്ര. മഹാരാഷ്ട്രയിൽ പാർട്ടിക്കും സഖ്യകക്ഷിയായ ഉദ്ധവ് പക്ഷ ശിവസേനക്കും ശക്തിയുള്ള മേഖലകളിലൂടെയും യാത്ര കടന്നുപോകും.
ന്യായ് യാത്രക്കിടെ ഇൻഡ്യ സഖ്യകക്ഷികളുടെ നിലപാടാണ് കോൺഗ്രസ് ഉറ്റുനോക്കുന്നത്. സഖ്യകക്ഷി നേതാക്കളും പ്രവർത്തകരും യാത്രയിൽ സഹകരിച്ചാൽ തെരഞ്ഞെടുപ്പിലേക്ക് പുത്തൻ ഊർജമാകുമെന്ന പ്രതീക്ഷയാണ് പാർട്ടിക്ക്. പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുക്കുമോയെന്നും കോൺഗ്രസ് ആകാംക്ഷയോടെ കാത്തിരിക്കുന്നു. ബംഗാളിൽ കൂച്ച് ബിഹാർ, അലിപുർദുവാസ്, ജൽപായ്ഗുഡി, ഡാർജീലിങ്, ഉത്തര മാൾഡ, ദക്ഷിണ മാൾഡ, ജംഗിപുർ, മുർഷിദാബാദ്, ബഹാരംപുർ, ബിർഭും എന്നീ 10 ലോക്സഭ മണ്ഡലങ്ങളിലൂടെയാണ് യാത്ര. തെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റുകളായ കോൺഗ്രസിന് ദക്ഷിണ മാൾഡയും ബഹാരംപുരും മാത്രം നൽകാമെന്നാണ് തൃണമൂലിന്റെ നിലപാട്. മഹാരാഷ്ട്രയിലെ 10 മണ്ഡലങ്ങളിലും യാത്രയെത്തും. ആകെ 30 സംവരണ മണ്ഡലങ്ങൾ വഴി യാത്ര കടന്നുപോകുന്നുവെന്നതും ശ്രദ്ധേയമാണ്.
2019ൽ ഏപ്രിൽ 11 മുതൽ മേയ് 19 വരെ ഏഴു ഘട്ടങ്ങളായാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടന്നത്. മാർച്ച് 12നായിരുന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപനം. ഇത്തവണയും മാർച്ച് രണ്ടാം വാരം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും. ഭാരത് ജോഡോ ന്യായ് യാത്ര മാർച്ച് 20ന് അവസാനിക്കുന്നത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കൊടുംചൂടിലേക്കായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.