കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമം ഉൾപെടെ വിഷയങ്ങളിൽ കടുത്ത നിലപാടിെൻറ പേരിൽ പശ്ചിമ ബംഗാളിലെ ജാദവ്പുർ യൂനിവേഴ്സിറ്റിയിൽനിന്ന് ചാൻസലർ ജഗ്ദീപ് ധൻകറെ ‘പുറത്താക്കി’ വിദ്യാർഥികളുടെ പ്രതിഷേധം. ഡിസംബർ 24ന് വാഴ്സിറ്റി കാമ്പസിൽ നടന്ന ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനിരിക്കെ ആർട്സ് വിഭാഗത്തിലെ വിദ്യാർഥികളുടെ കൂട്ടായ്മയായ എ.എഫ്.എസ്.യു ചാൻസലറായ ഗവർണർ പങ്കെടുക്കേണ്ടെന്നു പറഞ്ഞ് രാജ്ഭവനിലേക്ക് കത്തയച്ചിരുന്നു.
ഭരണഘടന പദവി വഹിക്കുന്നയാളെന്ന നിലക്ക് പക്ഷപാതമില്ലാതെ പ്രവർത്തിച്ചില്ലെന്നും ഒരു രക്ഷിതാവിനെപ്പോലെ നിലകൊണ്ടില്ലെന്നും അതിനാൽ സ്ഥാപനത്തിലേക്ക് വരേണ്ടതില്ലെന്നുമായിരുന്നു കത്തിലെ പരാമർശം.
അടുത്ത ഘട്ടമെന്ന നിലക്കാണ്, ചാൻസലറുടെ പ്രവർത്തന റിപ്പോർട്ട് തയാറാക്കി അദ്ദേഹത്തിന് തുറന്ന കത്തെഴുതാനും പ്രതീകാത്മകമായി അദ്ദേഹത്തെ ചാൻസലർ പദവിയിൽനിന്ന് ‘മാറ്റിനിർത്താനും’ വിദ്യാർഥി സംഘടനയുടെ തീരുമാനം.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി നിരന്തരം കൊമ്പുകോർക്കുന്ന ഗവർണർക്കെതിരെ ജാദവ്പുർ യൂനിവേഴ്സിറ്റിയിൽ വിദ്യാർഥികൾ കരിങ്കൊടി കാണിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.