ന്യൂഡൽഹി: ജഡ്ജി നിയമനത്തിനായി സുപ്രീംകോടതി കൊളീജിയം ആവർത്തിച്ച ശിപാർശകളിൽ എത്ര പേരെയാണ് ഇനിയും നിയമിക്കാത്തതെന്നും അതിന് കാരണമെന്തെന്നും വ്യക്തമാക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. ഒരിക്കൽ കേന്ദ്ര സർക്കാർ മടക്കിയ പേരുകൾ കൊളീജിയം വീണ്ടും ശിപാർശ ചെയ്താൽ നിർബന്ധമായും നിയമിക്കണമെന്ന നിയമം നടപ്പാക്കാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതി ഇടപെടൽ. ഹൈകോടതി ചീഫ് ജസ്റ്റിസുമാരുടെ നിയമനം ഉടൻ നടക്കുമെന്നും കേന്ദ്രവും കൊളീജിയവും തമ്മിൽ ചില പേരുകളിൽ അഭിപ്രായ ഭിന്നത നിലനിൽക്കെ, ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ജസ്റ്റിസുമാരായ ജെ.ബി. പർദീവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് നടപ്പാക്കാത്ത ശിപാർശകൾ വ്യക്തമാക്കുന്ന ചാർട്ട് സമർപ്പിക്കാൻ കേന്ദ്ര സർക്കാറിനോട് നിർദേശിച്ചു.
തനിക്ക് സുഖമില്ലാത്തതിനാൽ കേസ് മറ്റൊരു ദിവസം കേൾക്കണമെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോണി ജനറൽ ആർ. വെങ്കിട്ട രമണി ബോധിപ്പിച്ചപ്പോൾ അടുത്തയാഴ്ച കേസ് കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അപ്പോഴേക്കും ഹൈകോടതി ചീഫ് ജസ്റ്റിസ് നിയമനം നടക്കുമെന്നും ചീഫ് ജസ്റ്റിസ് പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാൽ, മുതിർന്ന അഭിഭാഷകൻ സൗരഭ് കൃപാലിനെ ഹൈകോടതി ജഡ്ജിയാക്കാനുള്ള ശിപാർശ അടക്കം കേന്ദ്രം നടപ്പാക്കിയില്ലെന്നും നിരവധി ശിപാർശകൾ വർഷങ്ങളായി നടപ്പാക്കാത്തതുണ്ടെന്നും അഡ്വ. പ്രശാന്ത് ഭൂഷൺ ബോധിപ്പിച്ചു. നിയമനത്തിന് സമയക്രമം നിശ്ചയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് അടുത്ത തവണ കേസ് പരിഗണിക്കുന്നതിനു മുമ്പ് ഇതുസംബന്ധിച്ച ചാർട്ട് സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് എ.ജിയോട് നിർദേശിച്ചു.
ഒഡിഷ ഹൈകോടതി ജഡ്ജി ജസ്റ്റിസ് ബി.ആർ. സാരംഗിയെ ഝാർഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസാക്കാൻ 2023 ഡിസംബർ 27ന് കൊളീജിയം നൽകിയ ശിപാർശ നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോയി ഈ വർഷം ജൂലൈ മൂന്നിനാണ് നിയമിച്ചതെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി. ജൂലൈ 19ന് വിരമിക്കുന്ന ജസ്റ്റിസ് സാരംഗിക്ക് ഇതുമൂലം കേവലം 15 ദിവസം മാത്രമാണ് ചീഫ് ജസ്റ്റിസ് പദവി ലഭിച്ചത്. ജസ്റ്റിസ് എം.എസ്. രാമചന്ദ്ര റാവുവിനെ ഝാർഖണ്ഡ് ചീഫ് ജസ്റ്റിസാക്കാൻ ജൂലൈ 11ന് കൊളീജിയം നൽകിയ ശിപാർശ ഇനിയും നടപ്പാക്കാത്തതും സിബൽ ചോദ്യം ചെയ്തു.
ചീഫ് ജസ്റ്റിസ് നിയമനത്തിനുള്ള ശിപാർശ സുപ്രീംകോടതി കൊളീജിയം ആവർത്തിച്ചിട്ടും നടപ്പാക്കാത്തതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ചതായിരുന്നു കോടതിയലക്ഷ്യ ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.