ഹൈദരാബാദ്: തെലങ്കാന സർക്കാരിൽ തന്റെ കുടുംബത്തിന് ആധിപത്യമുണ്ടെന്ന കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ആരോപണങ്ങൾക്ക് മറുപടിയുമായി മുതിർന്ന ബി.ആർ.എസ് നേതാവ് കെ. കവിത. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളാണ് കവിത. കണ്ണാടിക്കൂടിലിരിക്കുന്നവർ മറ്റുള്ളവരെ കല്ലെറിയരുത് എന്നായിരുന്നു കവിതയുടെ മറുപടി.
സർക്കാരിലെ മൂന്നു മന്ത്രിമാർ തെലങ്കാന മുഖ്യമന്ത്രിയുടെ കുടുംബത്തിൽ നിന്നുള്ളവരാണ് എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പരാമർശം. പ്രിയങ്ക ഗാന്ധിയും ഒരു രാഷ്ട്രീയ കുടുംബത്തിൽ നിന്നുള്ളയാളാണ്. അവരുടെ മുതുമുത്തശ്ശൻ മോത്തിലാൽ നെഹ്റുവാണ്. ജവഹർലാൽ നെഹ്റുവാണ് മറ്റൊരു മുതുമുത്തശ്ശൻ. ഇന്ദിരാഗാന്ധിയുടെ പേരക്കുട്ടിയാണവർ. രാജീവ് ഗാന്ധിയുടെ മകളും. അങ്ങനെയുള്ള ഒരാളാണ് രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ കുറിച്ച് സംസാരിക്കുന്നതെന്നും കവിത ആരോപിച്ചു.
രാഹുലും പ്രിയങ്കയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് തെലങ്കാനയിൽ എത്തിയത്. പ്രസംഗത്തിനിടെയായിരുന്നു പ്രിയങ്ക തെലങ്കാന മന്ത്രിമാരെ കുറിച്ച് സൂചിപ്പിച്ചത്. മൂന്നു മന്ത്രിമാർ മുഖ്യമന്ത്രിയുടെ കുടുംബക്കാരായാൽ സാമൂഹിക നീതി ഉറപ്പാക്കാൻ സാധിക്കില്ലെന്നായിരുന്നു പ്രിയങ്ക പ്രസംഗിച്ചത്. സംസ്ഥാനത്ത് 50 ശതമാനം പിന്നാക്ക വിഭാഗക്കാരായിട്ടും ആ വിഭാഗത്തിലുള്ള മൂന്ന് മന്ത്രിമാർ മാത്രമേയുള്ളൂവെന്നും അവർ ആരോപിച്ചു.
രാഹുൽ ഗാന്ധിയെയും കവിത വിമർശിച്ചു. വിവിധ പദ്ധതികളുടെ പേരിൽ തെലങ്കാന സർക്കാർ ഒരു ലക്ഷംകോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് രാഹുൽ പറയുന്നത്. പ്രസംഗം തയാറാക്കി കൊടുത്തവർ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചതാണ്. തെലങ്കാനയിലെ ജനങ്ങളുടെ കാര്യത്തിൽ രാഹുലിന് ഒരു തരത്തിലുള്ള ആശങ്കയും വേണ്ട. ഞങ്ങളുടെ സംസ്ഥാനം എങ്ങനെ ഭരിക്കണമെന്നത് അറിയാമെന്നും പ്രതിശീർഷവരുമാനത്തിൽ രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനമാണ് തെലങ്കാനയെന്നും കവിത വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.