താൻ ഐ.എസ്.ആർ.ഒയുടെ തലപ്പത്ത് വരുന്നത് തടയാൻ ശിവൻ ശ്രമിച്ചു; എസ്. സോമനാഥ്

തിരുവനനന്തപുരം: ആത്മകഥയിൽ ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ കെ. ശിവനെതിരെ ഗുരുതര ആരോപണങ്ങളുമായി നിലവിലെ ചെയർമാൻ എസ്. സോമനാഥ്. 2018ൽ എ.എസ് കിരൺ കുമാർ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറിയപ്പോൾ കെ. ശിവന്റെ പേരിനൊപ്പം തന്റെ പേരും പട്ടികയിൽ വന്നുവെന്നും എന്നാൽ ശിവനാണ് അന്ന് ചെയർമാനായതെന്നും സോമനാഥ് പറയുന്നു. 60 വയസു കഴിഞ്ഞ് എക്സ്റ്റൻഷനിൽ തുടരുകയായിരുന്നു ശിവൻ അപ്പോൾ. അന്ന് ചെയർമാൻ സ്ഥാനത്ത് ശിവനാണ് നറുക്ക് വീണത്. ചെയർമാൻ ആയ ശേഷവും ശിവൻ വി.എസ്.എസ്.സി ഡയറക്ടർ സ്ഥാനം കൈവശം വെച്ചു. തനിക്ക് കിട്ടേണ്ട ആ സ്ഥാനത്തേ കുറിച്ച് ചോദിച്ചപ്പോൾ പ്രതികരിക്കാൻ തയാറായില്ല. ഒടുവിൽ വി.എസ്.എസ്.സി മുൻ ഡയറക്ടർ ഡോ. ബി.എൻ. സുരേഷ് ഇടപ്പെട്ടപ്പോഴാണ് ആറു മാസത്തിന് ശേഷമാണെങ്കിലും തനിക്ക് ഡയറക്ടറായി നിയമനം ലഭിച്ചതെന്നും സോമനാഥ് നിലാവ് കുടിച്ച സിംഹങ്ങൾ എന്ന ആത്മകഥയിൽ വെളിപ്പെടുത്തുന്നു.

വേണ്ടത്ര പരീക്ഷണങ്ങളും അവലോകനങ്ങളും നടത്താതെ തിരക്കിട്ട് വിക്ഷേപിച്ചതാണ് ചന്ദ്രയാൻ 2 ദൗത്യത്തിന്റെ പരാജയത്തിനു കാരണമെന്നും സോമനാഥ് വിമർശിക്കുന്നുണ്ട്.

മൂന്നുവർഷം ചെയർമാൻ സ്ഥാനത്തുണ്ടായിട്ടും വിരമിക്കുന്നതിന് പകരം കാലാവധി നീട്ടാനാണ് ശിവൻ ശ്രമിച്ചതെന്നും ആരോപണമുണ്ട്. അതുപോലെ ചന്ദ്രയാൻ 2 ദൗത്യം ചന്ദ്രനിൽ ഇറങ്ങുന്ന ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയപ്പോൾ സ്വീകരണപരിപാടിയിൽ നിന്ന് തന്നെ മാറ്റി നിർത്തി. സോഫ്റ്റ് വെയർ തകരാറാണ് ലാൻഡിങ് പരാജയ​ത്തിന് കാരണമെന്ന് തുറന്നു പറയാൻ അന്ന് ശിവൻ തയാറായില്ല. പകരം ലാൻഡറുമായുള്ള ബന്ധം സ്ഥാപിക്കാനാകുന്നില്ല എന്നാണ് പറഞ്ഞത്.

കിരൺ കുമാർ ചെയർമാൻ ആയിരുന്ന കാലത്ത് തുടങ്ങിയ ചന്ദ്രയാൻ പദ്ധതിയിൽ ശിവൻ മാറ്റങ്ങൾ വരുത്തി. അമിതമായ പബ്ലിസിറ്റിയാണ് ചന്ദ്രയാൻ2 വിന് വിനയായതെന്നും സോമനാഥ് കുറ്റപ്പെടുത്തുന്നു. ചന്ദ്രയാൻ 3 ദൗത്യം വിജയം കണ്ടപ്പോൾ പ്രധാനമന്ത്രി നേരിട്ടെത്തി അഭിനന്ദിച്ചതാണ് ഏറ്റവും വലിയ സംതൃപ്തിയെന്നും സോമനാഥ് സൂചിപ്പിച്ചു.

അതിനിടെ വിവാദത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് കെ. ശിവൻ പറഞ്ഞത്. ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് എന്താണ് എഴുതിയത് എന്ന് കണ്ടിട്ടില്ല. അതിനാൽ ഇക്കാര്യത്തിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - K Sivan tried to prevent my elevation as ISRO chairman -S Somanath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.