ന്യൂഡൽഹി: കോൺഗ്രസ് രാജ്യസഭ സീറ്റ് നിഷേധിച്ചതിനുപിന്നാലെ, മുതിർന്ന നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമാക്കി ഡൽഹിയിൽ. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാൻ ബി.ജെ.പി വിളിച്ച രണ്ടുദിവസത്തെ നേതൃസമ്മേളനത്തിനിടയിലാണ് കമൽനാഥിന്റെ വരവ്.
കമൽനാഥും മകനും എം.പിയുമായ നകുൽനാഥും ബി.ജെ.പിയിൽ ചേരുന്നുവെന്ന അഭ്യൂഹം കുറച്ചു ദിവസമായുണ്ട്. രാജ്യസഭ സീറ്റ് നേടിയെടുക്കാനുള്ള സമ്മർദമെന്ന പോലെയാണ് ഊഹാപോഹം പ്രചരിച്ചത്. കമൽനാഥ് മൗനം പാലിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് രാജ്യസഭ സ്ഥാനാർഥിയായി അശോക് സിങ്ങിനെ കോൺഗ്രസ് ഹൈകമാൻഡ് പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെയാണ് കമൽനാഥിന്റെ ഡൽഹി യാത്ര.
മധ്യപ്രദേശിൽ കോൺഗ്രസിന്റെ ഏക എം.പിയാണ് മകൻ നകുൽ നാഥ്. സമൂഹ മാധ്യമങ്ങളിലെ തന്റെ മേൽവിലാസങ്ങൾക്കൊപ്പം ഇതുവരെ ഉണ്ടായിരുന്ന കോൺഗ്രസിന്റെ പേര് നകുൽ നാഥ് നീക്കിയത് അഭ്യൂഹം ശക്തമാക്കി. ലോക്സഭ തെരഞ്ഞെടുപ്പിൽ താൻ വീണ്ടും ചിന്ദ്വാഡയിൽ സ്ഥാനാർഥിയായിരിക്കുമെന്ന് നകുൽ നാഥ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. സ്ഥാനാർഥിക്കാര്യങ്ങളിൽ കോൺഗ്രസ് തീരുമാനമൊന്നും എടുക്കാതിരിക്കെത്തന്നെയാണിത്.
ബി.ജെ.പിയിൽ ചേരില്ലെന്ന് കമൽനാഥ് പറഞ്ഞിട്ടില്ല. ഡൽഹിയിലെത്തിയതിനു പിന്നാലെ ഇതേക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് അദ്ദേഹം ഒന്നും വിട്ടു പറഞ്ഞില്ല. ‘‘നിങ്ങളാണിത് പറയുന്നത്. നിങ്ങൾക്കാണ് ആവേശം; എനിക്കല്ല. അത്തരത്തിൽ എന്തെങ്കിലും ഉണ്ടെങ്കിൽ ആദ്യം നിങ്ങളെ അറിയിക്കും’’ -കമൽനാഥ് ഒഴിഞ്ഞുമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.