“വനിത സംവരണ ബിൽ കാരണമാണ് സീറ്റ് ലഭിച്ചത്”; കങ്കണ പറഞ്ഞത് കള്ളം

ന്യൂഡൽഹി: സ്ത്രീകൾക്ക് 30 ശതമാനം സംവരണം നൽകുന്ന വനിത സംവരണ ബിൽ കാരണമാണ് തനിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിച്ചതെന്ന് നടി കങ്കണ റണാവത്ത് അവകാശപ്പെട്ടിരുന്നു. എന്നാൽ വനിത സംവരണ ബിൽ ഇതുവരെ പ്രാബല്യത്തിൽ വരാത്തതിനാൽ ഇത് തെറ്റായ അവകാശവാദമാണ്. 'ബൂം' ഉൾപ്പെടെ നിരവധി ഫാക്ട് ചെക്കിങ് വെബ്സൈറ്റുകൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നു.

അവകാശവാദങ്ങൾ തെറ്റാണെന്നും വനിതാ സംവരണ ബിൽ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും 2029 വരെ ഇത് നടപ്പാക്കില്ലെന്നും ബൂം റിപ്പോർട്ട് ചെയ്തു. ബിൽ ആദ്യമായി സഭയിൽ അവതരിപ്പിച്ച് 27 വർഷത്തിന് ശേഷം, 2023 സെപ്റ്റംബർ 20നാണ് ലോക്സഭയിൽ പാസാക്കുന്നത്. സെപ്റ്റംബർ 22ന് രാജ്യസഭയിലും പാസായി. സെപ്റ്റംബർ 28ന് രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചു.

എന്നാൽ സെൻസസും അതിർത്തി നിർണയവും പൂർത്തിയാക്കിയ ശേഷമേ ബിൽ പ്രാബല്യത്തിൽ വരൂ. കോവിഡ് 19 കാരണം പറഞ്ഞ് 2021ലെ സെൻസസ് കേന്ദ്രം ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. 2023 സെപ്റ്റംബർ 20ന് ലോക്സഭയിൽ സംസാരിക്കവെ 2024ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ വനിത സംവരണ നിയമം പ്രാബല്യത്തിൽ വരൂവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.

2024 മാർച്ച് 24 നാണ് ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ ലോക്‌സഭാ സ്ഥാനാർഥിയായി കങ്കണയെ ബി.ജെ.പി പ്രഖ്യാപിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ചുള്ള ബി.ജെ.പിയുടെ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും വിശ്വസ്തയായ പൊതുപ്രവർത്തകയാകാൻ ആഗ്രഹിക്കുന്നുവെന്നും കങ്കണ പറഞ്ഞിരുന്നു.

Tags:    
News Summary - Kangana Ranaut Falsely Claims She Got BJP Ticket Due to Women’s Reservation Bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.