മുംബൈ: അനധികൃത നിർമാണം കണ്ടെത്തിയതിനെ തുടർന്ന് ബൃഹാൻ മുംബൈ കോർപറേഷൻ പൊളിച്ചുനീക്കാൻ ഉത്തരവിട്ട ബാന്ദ്രയിലെ വീട് വിൽക്കാൻ ബോളിവുഡ് നടി കങ്കണ റണാവത്ത്. 40 കോടി രൂപ വിലയിട്ടിരിക്കുന്ന വീടാണ് കങ്കണ വിൽക്കുന്നത്. ഈ വീട്ടിലാണ് കങ്കണയുടെ ഉടമസ്ഥതയിലുള്ള സിനിമ നിർമാണക്കമ്പനി മണികർണിക ഫിലിംസിന്‍റെ ഓഫിസും പ്രവർത്തിക്കുന്നത്.
അതേസമയം, കടബാധ്യതയുള്ളതിനാലാണ് വീട് വിൽക്കാൻ കങ്കണ തീരുമാനിച്ചതെന്ന തരത്തിൽ മാധ്യമ വാർത്തകളും പുറത്തുവരുന്നുണ്ട്. 19 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് അവകാശപ്പെട്ട കങ്കണ, 17 കോടി രൂപയുടെ കടബാധ്യതയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഡൽഹിയിലും മാണ്ഡ്യയിലും വീടുകൾ ഉള്ളതിനാൽ ബാന്ദ്രയിലെ വീട് ആവശ്യമില്ലെന്ന് അടുത്ത സുഹൃത്തുകളോട് പറഞ്ഞതായും വാർത്തകളുണ്ട്.
2013ലാണ് കങ്കണ റാവത്ത് ബാന്ദ്രയിൽ ഫ്ലാറ്റ് വാങ്ങിയത്. അറ്റകുറ്റപണികൾ നടത്തിയപ്പോൾ കെട്ടിട നിർമാണ ചട്ടം ലംഘിച്ചെന്നും അനധികൃത നിർമാണം പൊളിച്ചു നീക്കണമെന്നും ചൂണ്ടിക്കാട്ടി ബൃഹാൻ മുംബൈ കോർപറേഷൻ 2018ൽ നോട്ടീസ് നൽകി. എന്നാൽ, കോർപറേഷന്‍റെ നടപടിക്കെതിരെ കങ്കണ കോടതിയെ സമീപിച്ചു.
അതേസമയം, കോർപറേഷൻ അംഗീകരിച്ച പ്ലാനിൽ മാറ്റം വരുത്തിയെന്ന് കോടതിയും കണ്ടെത്തി. 2020ൽ ചട്ടലംഘനം നടത്തി നിർമിച്ച വീടിന്‍റെ ഒരു ഭാഗം കോർപറേഷൻ പൊളിച്ചു നീക്കി. തുടർന്ന് ഹൈകോടതിയെ സമീപിച്ച കങ്കണ തുടർനടപടിക്കെതിരെ സ്റ്റേ വാങ്ങി. തുടർന്ന് കോർപറേഷനെതിരെ രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹരജി നൽകിയെങ്കിലും പിന്നീട് പിൻവലിച്ചു.
അതിനിടെ, ബി.ജെ.പിയിൽ ചേർന്ന കങ്കണ കോൺഗ്രസിനെയും ജവഹർലാൽ നെഹ്റു അടക്കം മുൻകാല നേതാക്കളെയും അധിക്ഷേപിക്കുന്ന പ്രസ്താവനകളുമായി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് സ്വദേശമായ ഹിമാചലിലെ മാണ്ഡിയിൽ നിന്ന് മൽസരിച്ച കങ്കണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.