ബംഗളൂരു: ഗോവയുമായുള്ള മഹാദായി നദീജല തർക്കത്തിൽ പ്രതികരിച്ച് നടൻ പ്രകാശ് രാജ്. മഹാദായിയിൽ നിന്നുള്ള ജലത്തിന് കന്നടക്കാർക്കും അവകാശമുണ്ട്. മഹാദായി വിഷയം രാഷ്ട്രീയവത്കരിക്കുന്നത് പാർട്ടികൾ അവസാനിപ്പിക്കണമെന്നും പ്രകാശ് രാജ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
‘‘ മഹാദായി നദീജല തർക്കം രാഷ്ട്രീയ വത്കരിക്കുന്നത് അവസാനിപ്പിക്കാൻ പാർട്ടികൾ തയാറാകണം. കന്നടക്കാർക്കും കലസാ ബാന്ദുരി വഴി ഒഴുന്ന നദീജലത്തിൽ അവകാശമുണ്ട്. ജനാധിപത്യത്തിൽ ഒരു പാർട്ടി അധികാരത്തിലെത്തിയാൽ, അത് ഒരു രാഷ്ട്രീയ പാർട്ടി എന്നതിനപ്പുറം, രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതാകണം. കേന്ദ്രത്തിലും അയൽസംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്ന പാർട്ടിയായ തങ്ങൾക്ക്്, കർണാടകത്തിലേക്ക് ജലമെത്തിക്കാനാകുമെന്ന് രാഷ്ട്രീയവത്കരിച്ചു പറയുന്നത് വിഢിത്തമാണ്. ഇത് ജനങ്ങളുടെ പ്രതിഷേധമാണ്. ജനങ്ങളുടെ മൗലികാവകാശങ്ങളുടെ മേൽ രാഷ്ട്രീയം കളിക്കരുത്. പ്രക്ഷോഭത്തിൽ ജനങ്ങൾക്കൊപ്പമാണ്’’- ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിൽ പ്രകാശ് രാജ് വിശദീകരിക്കുന്നു.
തനിക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളോടും പറയാനുള്ളത് ഇതാണ്, നിങ്ങളുടെ രാഷ്ട്രീയ തത്വശാസ്ത്രങ്ങളെ മാറ്റിവെച്ച്, വോട്ട് ലഭിക്കാൻ നടത്തുന്ന ശ്രമങ്ങൾ മാറ്റിവെച്ച്, ജനങ്ങളുടെ അവകാശത്തിനു വേണ്ടി എല്ലാവരും ഒരുമിക്കണമെന്നും ഒരുമയോടെ നിന്ന് പോരാടി പ്രശ്ന പരിഹാരം കാണാണമെന്നും പ്രകാശ് രാജ് ആവശ്യപ്പെടുന്നു.
ಮಹದಾಯಿ ಹೋರಾಟ...ನನ್ನ ಮನವಿ.... pic.twitter.com/QuPfDjwUbU
— Prakash Raj (@prakashraaj) January 25, 2018
നദീജല പ്രശ്നം പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നാവശ്യപ്പെട്ട് കന്നട സംഘടനകൾ നടത്തുന്ന ബന്ദ് സംസ്ഥാനത്ത് ജനജീവിതത്തെ സ്തംഭിപ്പിച്ചു. 2000ത്തോളം കന്നട സംഘടനകളാണ് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
ആർ.ടി.സി-ബി.എം.ടി.സി ബസുകളും മെട്രോയും സർവീസ് നടത്തുണ്ട്. സുരക്ഷക്കായി 15,000 പൊലീസുകാരെയാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.