ന്യൂഡൽഹി: സാകിയ ജാഫ്രിയും ഗുജറാത്ത് സർക്കാറും തമ്മിലെ കേസിലുള്ള സുപ്രീംകോടതി വിധിയിൽ ടീസ്റ്റസെറ്റൽവാദിനെതിരായ ഒരു കണ്ടെത്തലുമില്ലെന്ന് അവരുടെ അഭിഭാഷകൻ കപിൽ സിബൽ കോടതി മുമ്പാകെ ബോധിപ്പിച്ചു. 2002ലെ ഗുജറാത്ത് വംശഹത്യ കേസിൽ കൃത്രിമമായി തെളിവുണ്ടാക്കിയെന്ന ഗുജറാത്ത് പൊലീസിന്റെ കേസിൽ ആക്ടിവിസ്റ്റ് ടീസ്റ്റ സെറ്റൽവാദിന് ഹൈകോടതി ഉത്തരവ് റദ്ദാക്കി ജാമ്യം അനുവദിച്ച ബെഞ്ച് മുമ്പാകെയാണ് സിബൽ ഇക്കാര്യം വ്യക്തമാക്കിയത്. കേസിൽ വിചിത്ര യുക്തിയാണ് ഗുജറാത്ത് ഹൈകോടതി സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
പ്രത്യേക അന്വേഷണ സംഘവും (എസ്.ഐ.ടി) ടീസ്റ്റക്കെതിരെ വാദമൊന്നും ഉന്നയിച്ചിരുന്നില്ല. ഗുജറാത്ത് സർക്കാറിനുവേണ്ടി സോളിസിറ്റർ ജനറലാണ്, ടീസ്റ്റ സാക്ഷികളെ ചില കാര്യങ്ങൾ പറഞ്ഞു പഠിപ്പിച്ചു എന്ന കാര്യം വാദിച്ചത്. സാകിയ ജാഫ്രി കേസിലെ ഉത്തരവിന് തൊട്ടടുത്ത ദിവസംതന്നെ ടീസ്റ്റക്കെതിരെ കേസെടുക്കുകയും ചെയ്തു.
ഏത് അന്വേഷണം നടത്തിയിട്ടാണ് കേസെടുത്തത്. സോളിസിറ്റർ ജനറലിന്റെ പ്രസ്താവന അടിസ്ഥാനമാക്കി, വിധിയുടെ തൊട്ടടുത്ത ദിവസം തന്നെ ടീസ്റ്റയെ അറസ്റ്റുചെയ്യാൻ തിരക്കുകൂട്ടിയത് എന്തിനാണ്.
കഴിഞ്ഞ വർഷം സെപ്റ്റംബർ രണ്ടിന് സുപ്രീംകോടതി ടീസ്റ്റക്ക് ഇടക്കാല ജാമ്യം നൽകി. അവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ ചോദ്യം ചെയ്തിട്ടില്ല. അന്വേഷണം പൂർത്തിയാവുകയും ചെയ്തു. അവർ ജാമ്യവ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ല. വ്യാജ സത്യവാങ്മൂലങ്ങൾ സമർപ്പിച്ചുവെന്നാണ് പരാതിയെങ്കിൽ ഇക്കാര്യത്തിൽ എന്തിനാണ് ടീസ്റ്റയെ മാത്രം തിരഞ്ഞുപിടിച്ചത്.
കുറ്റപത്രം റദ്ദാക്കാനായി പരാതിക്കാരി നടപടിയൊന്നുമെടുക്കാത്തതിനാൽ കുറ്റകൃത്യങ്ങൾ അവർ അംഗീകരിക്കുന്നുവെന്ന വിചിത്ര യുക്തിയാണ് ഗുജറാത്ത് ഹൈകോടതി സ്വീകരിച്ചിരിക്കുന്നത്. ഇത് എന്ത് നിയമരീതിയാണ് -കപിൽ സിബൽ ചോദിച്ചു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസിൽ ടീസ്റ്റ സെറ്റൽവാദ് ഉടൻ കീഴടങ്ങണമെന്ന ഗുജറാത്ത് ഹൈകോടതി വിധി ജൂലൈ ഒന്നിന് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. പിന്നീട് അറസ്റ്റിൽ നിന്നുള്ള ഇടക്കാല സംരക്ഷണം ജൂലൈ 19വരെ നീട്ടുകയും ചെയ്തു. ഗുജറാത്ത് ഹൈകോടതി പുറപ്പെടുവിച്ച വിധിക്കെതിരെ അതേ ദിവസം വൈകീട്ട് ടീസ്റ്റ സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടർന്ന് രാത്രി ചേർന്ന രണ്ടാമത്തെ ബെഞ്ചാണ് നേരത്തെ ഒരാഴ്ചത്തെ സ്റ്റേ അനുവദിച്ചത്.
അന്ന്, അറസ്റ്റിൽ നിന്ന് ഒരാഴ്ചത്തെ സംരക്ഷണം നൽകാൻ തയാറാകാതിരുന്ന ഗുജറാത്ത് ഹൈകോടതി നടപടിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.