ന്യൂഡൽഹി: വധശിക്ഷ നിർത്തലാക്കാൻ താൽപര്യമുള്ള സംസ്ഥാനങ്ങൾ കർണാടകയും ത്രിപുരയും മാത്രം. വധശിക്ഷ തുടരണോ എന്ന കാര്യത്തിൽ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും അഭിപ്രായം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയാറാക്കിയ നിർദേശത്തോടുള്ള പ്രതികരണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇതുവരെ 14 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് മറുപടി നൽകിയത്. 2015ൽ ജസ്റ്റിസ് എ.പി. ഷാ അധ്യക്ഷനായ നിയമകാര്യ കമീഷെൻറ റിപ്പോർട്ടിലാണ് ഭീകരതയുമായി ബന്ധമില്ലാത്ത കേസുകളിൽ വധശിക്ഷ ഒഴിവാക്കുന്ന കാര്യം നിർദേശിച്ചത്. തുടർന്ന്, കേന്ദ്രം ഇൗ വിഷയത്തിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടുകയായിരുന്നു.
ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, രാജസ്ഥാൻ, ബിഹാർ, ഝാർഖണ്ഡ്, തമിഴ്നാട്, ന്യൂഡൽഹി സർക്കാറുകളാണ് വധശിക്ഷയെ അനുകൂലിച്ചത്. ത്രിപുരയിൽ ഭരണമാറ്റം ഉണ്ടായതോടെ, ഇൗ വിഷയത്തിലെ നിലപാടും മാറിയേക്കും. കൊലപാതകം, ബലാത്സംഗം പോലുള്ള കൊടുംകുറ്റങ്ങൾ ഇല്ലാതാക്കാൻ വധശിക്ഷ ഉപകരിക്കുമെന്ന നിലപാടാണ് 12 സംസ്ഥാനങ്ങൾ സ്വീകരിച്ചത്. ചൈന, ഇറാൻ, ഇറാഖ്, സൗദി പോലുള്ള ചില രാജ്യങ്ങളിൽ മാത്രമാണ് ഇപ്പോൾ വധശിക്ഷ നിലനിൽക്കുന്നതെന്ന് നിയമ കമീഷൻ റിപ്പോർട്ടിൽ പറയുന്നുണ്ട്. 2014 ഒാടെ, 98 രാജ്യങ്ങളാണ് വധശിക്ഷ ഒഴിവാക്കിയത്. ഏഴ് രാജ്യങ്ങൾ അപൂർവ സംഭവങ്ങളിൽ മാത്രമായി വധശിക്ഷ മാറ്റി. 35 രാജ്യങ്ങൾ പ്രായോഗിക തലത്തിൽ വധശിക്ഷ നൽകാറുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.