ബംഗളൂരു: സംസ്ഥാനത്തെ മദ്രസകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കർണാടക സർക്കാർ വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി. സംസ്ഥാനത്ത് മദ്രസകൾ നിരോധിക്കണമെന്ന ഹിന്ദുത്വ സംഘടനകളുടെ ആവശ്യത്തെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങിയതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മദ്രസകളിൽ സംശയാസ്പദമായ പ്രവർത്തനങ്ങൾ നടക്കുന്നതായി ഹിന്ദുത്വ തീവ്രവാദ സംഘടനകൾ ആക്ഷേപം ഉന്നയിച്ചിരുന്നു. സംസ്ഥാനത്തെ 960 മദ്രസകളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വകുപ്പിനോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് കമ്മീഷണറുടെ നേതൃത്വത്തിൽ മദ്രസകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് നൽകാൻ സമിതി രൂപീകരിച്ചു.
റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം മദ്രസകൾ നിരോധിക്കണമോ അതോ വിദ്യാഭ്യാസ വകുപ്പിന്റെ അധികാര പരിധിയിൽ കൊണ്ടുവരണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ബി.ജെ.പി അണിയറപ്രവർത്തകർ പറഞ്ഞു. ഉത്തർപ്രദേശ് സർക്കാറിന്റെ മദ്രസകൾക്കെതിരായ വിദ്വേഷ മാതൃക പിന്തുടർന്നാണ് കർണാടകയിലെ ബി.ജെ.പി സർക്കാർ സംസ്ഥാനത്തും നിലപാട് കടുപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.