ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച ഹോട്ടലിന്‍റെ ബിൽ കർണാടക സർക്കാർ നൽകുമെന്ന് വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ. പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങിയ വിശിഷ്ട വ്യക്തികൾ വരുമ്പോൾ അവരെ സ്വീകരിക്കുന്നത് സംസ്ഥാന സർക്കാരിന്‍റെ പാരമ്പര്യമാണെന്ന് മന്ത്രിയുടെ ഓഫിസ് പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ കഴിഞ്ഞ വർഷം ഏപ്രിലിൽ കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് കാരണം മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ ഉണ്ടായിരുന്നതിനാൽ പ്രധാന മന്ത്രി വന്ന പരിപാടി ആസൂത്രണം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ ഉൾപ്പെട്ടിരുന്നില്ലെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പൂർണ്ണമായും കേന്ദ്ര സർക്കാർ പരിപാടിയായിരുന്നു. മൂന്ന് കോടിയോളം രൂപ ചെലവിടാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും 6.33 കോടിയോളം രൂപയാണ് ചെലവായത്. ബാക്കി 3.3 കോടി ദേശീയ കടുവ സംരക്ഷണ അതോറിറ്റിയിൽ നിന്ന് ലഭിക്കണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാറിന്‍റെ വനം വകുപ്പ് ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്ക് കത്തെഴുതിയിരുന്നു. ഹോട്ടൽ ബിൽ സംസ്ഥാന സർക്കാർ തിരിച്ചടക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും പ്രശ്നം രമ്യമായി പരിഹരിക്കാൻ ശ്രമിക്കുമെന്നും ഈശ്വർ ഖണ്ഡ്രെ പറഞ്ഞിരുന്നു.
മൈസൂർ സന്ദർശിച്ച സമയത്ത് നരേന്ദ്രമോദി താമസിച്ചിരുന്നത് നഗരത്തിലെ പ്രധാന ഹോട്ടലായ റാഡിസൺ ബ്ലൂ പ്ലാസയിലായിരുന്നു. 80.6 ലക്ഷം രൂപയുടെ ബില്ലുകൾ തീർപ്പാക്കാനുണ്ടെന്നാണ് ഹോട്ടൽ അധികൃതർ പറയുന്നത്. പണം കിട്ടാനായി നിയമത്തിന്റെ വഴിക്ക് നീങ്ങാനായിരുന്നു റാഡിസൺ ബ്ലൂ പ്ലാസ ഹോട്ടൽ അധികൃതരുടെ തീരുമാനം. ദി ഹിന്ദുവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയും (എൻ.ടി.സി.എ) വനംവകുപ്പും ചേർന്ന് സംഘടിപ്പിച്ച പ്രോജക്ട് ടൈഗറിന്റെ 50 വർഷത്തെ ഉദ്ഘാടനത്തിനായിരുന്നു പ്രധാനമന്ത്രി മൈസൂരിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.